ധനികർക്ക് കൂടുതൽ വോട്ടവകാശം നൽകണമെന്ന നിർദ്ദേശത്തെ പിന്തുണച്ച ഷോപ്പിഫൈയുടെ  സി.ഇ.ഒ ടോബി ലുട്‌കെ വിവാദത്തിൽ

By: 600110 On: Jul 29, 2026, 9:01 AM

ധനികർക്ക് കൂടുതൽ വോട്ടവകാശം നൽകണമെന്ന നിർദ്ദേശത്തെ പിന്തുണച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പിഫൈയുടെ  സി.ഇ.ഒ ടോബി ലുട്‌കെ വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുൻ ടി.ഡി ബാങ്ക് എക്സിക്യൂട്ടീവായ എറിക് തോർ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വരുമാന നികുതിയുടെ അടിസ്ഥാനത്തിൽ വോട്ടവകാശം വിഭജിക്കണമെന്ന് നിർദ്ദേശിച്ചത്. നികുതി അടക്കാത്തവർക്ക് വോട്ടവകാശം നൽകരുത് എന്നും, അഞ്ച് ലക്ഷം ഡോളറോ അതിലധികമോ നികുതി അടക്കുന്നവർക്ക് അഞ്ച് വോട്ട് വരെ നൽകണമെന്നുമായിരുന്നു നിർദ്ദേശം.  "നല്ല സിസ്റ്റം" എന്നായിരുന്നു ഇതിനോടുള്ള ടോബി ലുട്‌കെയുടെ പ്രതികരണം.

കൂടാതെ, പെൻഷൻ പറ്റിയ മുതിർന്ന പൗരന്മാരുടെയും വോട്ടവകാശം ഒഴിവാക്കണമെന്ന് അദ്ദേഹം വാദിച്ചു. ഇവർ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നും, ഭാവി തീരുമാനിക്കേണ്ടത് നികുതിദായകരാണെന്നും അദ്ദേഹം കുറിച്ചു. ശതകോടീശ്വരൻ്റെ പ്രതികരണത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും ജനങ്ങളെ അപമാനിക്കുന്നതുമാണ് ഈ നിലപാടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

പണം ഉള്ളവർക്ക് മാത്രം വോട്ടവകാശം നൽകുന്ന രീതി കാനഡയിൽ പണ്ട് ഉണ്ടായിരുന്നുവെങ്കിലും, എല്ലാവർക്കും തുല്യ വോട്ടവകാശം ലഭിക്കാൻ പതിറ്റാണ്ടുകളുടെ പോരാട്ടം വേണ്ടിവന്നു. വീണ്ടും അത്തരമൊരു രീതി നിർദ്ദേശിക്കുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിലെ ഭരണഘടന  അനുസരിച്ച് 18 വയസ്സ് തികഞ്ഞ എല്ലാ പൗരന്മാർക്കും തുല്യ വോട്ടവകാശമുണ്ട്. ഇത്തരമൊരു നിർദ്ദേശം ഭരണഘടനാ വിരുദ്ധവും അപ്രായോഗികവുമാണെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ഇതിനോടകം തന്നെ രാജ്യത്തെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശതകോടീശ്വരന്മാർക്ക് സാധിക്കുന്നുണ്ടെന്നിരിക്കെ, വോട്ടവകാശത്തിലും ഇത്തരം വേർതിരിവുകൾ കൊണ്ടുവരുന്നത് സാധാരണക്കാരെ വ്യവസ്ഥിതിയിൽ നിന്ന് പൂർണ്ണമായും അകറ്റുമെന്നാണ് വിലയിരുത്തൽ.