ISIS-ൽ പ്രവർത്തിച്ച ശേഷം തിരികെ എത്തുന്ന കനേഡിയൻ പൗരന്മാർ രാജ്യത്തിന് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

By: 600110 On: Jul 29, 2026, 8:59 AM


ISIS-ൽ ചേർന്ന് പ്രവർത്തിച്ച ശേഷം തിരികെ എത്തുന്ന കനേഡിയൻ പൗരന്മാർ രാജ്യത്തിന് വലിയ ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് കാനഡയുടെ ഇൻ്റലിജൻസ് റിപ്പോർട്ട്. ഇവർ തിരികെയെത്തിയാൽ നേരിട്ടോ അല്ലാതെയോ തീവ്രവാദ പ്രവർത്തനങ്ങളിലേക്കും അക്രമങ്ങളിലേക്കും ആളുകളെ നയിക്കാൻ സാധ്യതയുണ്ടെന്ന് ഇൻ്റഗ്രേറ്റഡ് ത്രെറ്റ് അസസ്മെൻ്റ് സെൻ്റർ മുന്നറിയിപ്പ് നൽകി.

ഇറാഖ് കസ്റ്റഡിയിലുള്ള ചില ഐസിസ് അംഗങ്ങൾ കാനഡക്കാരാണെന്ന് വ്യക്തമായതിന് പിന്നാലെ ജൂണിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കാനഡയിൽ നിന്നുള്ള നിരവധി പുരുഷന്മാരും സ്ത്രീകളും മുൻപ് ഐസിസിൽ ചേരാൻ സിറിയയിലേക്കും ഇറാഖിലേക്കും പോയിരുന്നു. ഇതിൽ ചിലരെ കാനഡ മുൻപ് തിരികെ എത്തിച്ചിരുന്നെങ്കിലും, പുരുഷന്മാരായ ഭീകരരെ ഇതുവരെ തിരികെ കൊണ്ടുവന്നിട്ടില്ല. ഇവർ നിലവിൽ ഇറാഖ്, സിറിയൻ ജയിലുകളിലാണ്.

വിദേശത്ത് നിന്ന് തിരികെയെത്തുന്ന തീവ്രവാദികൾക്ക് കൂടുതൽ പരിചയസമ്പത്തും ബന്ധങ്ങളും ഉള്ളതിനാൽ ഇവർ കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. ഐസിസിൽ ചേരാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത ഒരാൾ അടുത്തിടെ ബർലിനിൽ നടത്തിയ വാഹനാക്രമണം ഇത്തരം ആളുകൾ എത്രത്തോളം അപകടകാരികളാണെന്ന് വ്യക്തമാക്കുന്നതാണ്.

സിറിയൻ ജയിലുകളിൽ നിന്ന് മാറ്റിയ 6,000-ത്തോളം വരുന്ന വിദേശ ഐസിസ് തടവുകാരെ വിചാരണ ചെയ്യാനുള്ള നടപടികൾ ഇറാഖ് ആരംഭിച്ചിട്ടുണ്ട്. ഇതിൽ കാനഡക്കാരും ഉൾപ്പെടുന്നു. അടിയന്തിരമായി തെളിവുകൾ ശേഖരിച്ച് ഇവർക്കെതിരെ കോടതി മുഖേന നിയമനടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവരെ തിരികെ കൊണ്ടുവരുന്നത് വലിയ അപകടമുണ്ടാക്കുമെന്ന് സുരക്ഷാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മധ്യപൂർവേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഐസിസ് അനുഭാവികൾ തിരികെ കാനഡയിലേക്ക് എത്താനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത് രാജ്യത്തിന് ഭീഷണിയാകുമെന്നും കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയായ സി.എസ്.ഐ.എസ് വ്യക്തമാക്കി.