കാണാതായ 11 വയസ്സുകാരൻ പാർക്കറിനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് കാൽഗറി പോലീസ്; അന്വേഷണം തുടരും

By: 600110 On: Jul 28, 2026, 11:31 AM

 

കാണാതായി 12 ദിവസങ്ങൾക്ക് ശേഷം, 11 വയസ്സുകാരനായ പാർക്കറിനായി നടത്തിവന്ന വലിയ തോതിലുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി കാൽഗറി പോലീസ് അറിയിച്ചു. സംസാരിക്കാൻ ശേഷിയില്ലാത്തതും ഓട്ടിസം ബാധിച്ചതുമായ പാർക്കറിനെ തോൺക്ലിഫ് മേഖലയിലെ ഡേകെയർ ഹോമിൽ നിന്നാണ് കാണാതായത്.

രണ്ടു ആഴ്ചയോളം നീണ്ടുനിന്ന തിരച്ചിൽ ഘട്ടത്തിൽ നൂറുകണക്കിന് പോലീസുകാരും പ്രാദേശിക സന്നദ്ധപ്രവർത്തകരും പങ്കാളികളായിരുന്നു. നഗരത്തിൻ്റെ വലിയൊരു ഭാഗം പരിശോധിച്ച ശേഷമാണ് നിലവിലെ തെരച്ചിൽ അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.  

നേരിട്ടുള്ള പ്രദേശിക പരിശോധനകൾ നിർത്തിവെച്ചെങ്കിലും കേസിൻ്റെ അന്വേഷണം സജീവമായി തുടരുമെന്ന് പോലീസ് ചീഫ് കാറ്റി മക്ലെലൻ വ്യക്തമാക്കി. ഇതുവരെ ശേഖരിച്ച തെളിവുകളുടെ വിശദമായ പരിശോധനയാണ് ഇനി നടക്കുക. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും പുതിയ സൂചനകളും അടിസ്ഥാനമാക്കി അന്വേഷണം തുടരും. ആവശ്യമെങ്കിൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ പുനരാരംഭിക്കും.

പാർക്കറിൻ്റെ ചിത്രവും വിവരങ്ങളുമടങ്ങിയ പോസ്റ്ററുകൾ നഗരത്തിലുടനീളം പ്രചരിപ്പിച്ചിട്ടുണ്ട്. തിരച്ചിലിൽ സഹകരിച്ച സന്നദ്ധപ്രവർത്തകർക്കും നഗരവാസികൾക്കും നന്ദി അറിയിച്ച പോലീസ്, കുട്ടിെയക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു. കുട്ടിയെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബവും കാൽഗറി നഗരവും.