കാനഡയിലെ പബ്ലിക് ഹെൽത്ത് കെയർ സംവിധാനം സാമ്പത്തികമായി തികച്ചും സൗജന്യമല്ലെന്നും ചെലവഴിക്കുന്ന തുകയ്ക്കനുസരിച്ചുള്ള സേവന മികവ് പുലർത്തുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ആരോഗ്യ മേഖലയ്ക്കായി ആകെ 399 ശതകോടി ഡോളറാണ് ചെലവഴിച്ചത്. ഒരാൾക്ക് ശരാശരി 9,626 ഡോളർ വീതം ചെലവ് വരുന്നുണ്ടെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.
ആശുപത്രി സേവനങ്ങൾ ലഭിക്കുമ്പോൾ നേരിട്ട് പണം അടയ്ക്കേണ്ടതില്ലാത്തതിനാൽ ഈ സംവിധാനം പൂർണ്ണമായും സൗജന്യമാണെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിലുണ്ട്. എന്നാൽ ജനങ്ങളിൽ നിന്ന് ഈടാക്കുന്ന നേരിട്ടുള്ളതും അല്ലാത്തതുമായ കടുത്ത നികുതി വിഹിതത്തിൽ നിന്നാണ് ഈ തുക സർക്കാർ കണ്ടെത്തുന്നത്. മറ്റ് പ്രമുഖ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും ഉയർന്ന തുക നികുതിപ്പണമായി ചിലവഴിച്ചിട്ടും ചികിത്സയ്ക്കും വിദഗ്ധ പരിശോധനകൾക്കുമായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് നിലവിലെ സംവിധാനത്തിന്റെ പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വർദ്ധിച്ചുവരുന്ന സാമ്പത്തിക ബാദ്ധ്യതയും ജനസംഖ്യാപരമായ മാറ്റങ്ങളും ഈ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ ബജറ്റ് വർദ്ധിപ്പിക്കുന്നതിനേക്കാൾ ഉപരി നിലവിലുള്ള വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗമാണ് അടിയന്തിരമായി ഉണ്ടാകേണ്ടതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഉയർന്ന സാമ്പത്തിക വിഹിതം നൽകിയിട്ടും ആവശ്യസമയത്ത് വേഗത്തിലുള്ള വൈദ്യസഹായം ലഭ്യമാകാത്തത് രാജ്യത്ത് വലിയ നയരൂപീകരണ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.