ടൊറൻ്റോയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇ-ബൈക്കിൻ്റെ ലിഥിയം അയേൺ ബാറ്ററി പൊട്ടിത്തെറിച്ച് കനത്ത തീപ്പിടിത്തമുണ്ടായി. ബൈക്ക് നിമിഷങ്ങൾക്കകം കത്തിയെരിയുകയും ബാറ്ററിയുടെ ഭാഗങ്ങൾ സ്ഫോടനത്തോടെ
പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടൊറൻ്റോ ഫയർ ചീഫ് ജിം ജെസ്സോപ് തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കു വെച്ചത്.
ലിഥിയം അയോൺ ബാറ്ററികൾ തകരാറിലാകുമ്പോൾ ഉണ്ടാകുന്ന കടുത്ത ചൂട്, വിഷപ്പുക ഉൾപ്പെടെ അഗ്നിശമന സേനാംഗങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ഫയർ ചീഫ് വ്യക്തമാക്കി. നഗരത്തിൽ ഇത്തരം ഇ-ബൈക്ക് അപകടങ്ങൾ സമീപകാലത്തായി ഗണ്യമായി വർധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിലവാരമില്ലാത്തതോ മാറ്റം വരുത്തിയതോ ആയ ബാറ്ററികളാണ് പ്രധാനമായും ഇത്തരം വൻ സ്ഫോടനങ്ങൾക്ക് കാരണമാകുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ടൊറൻ്റോ ഫയർ ഡിപ്പാർട്ട്‌മെൻ്റ് പൊതുജനങ്ങൾക്കായി സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിർമ്മാതാക്കൾ അംഗീകരിച്ച സുരക്ഷിതമായ ചാർജറുകൾ മാത്രം ഉപയോഗിക്കുക, രാത്രി മുഴുവൻ വാഹനം ചാർജ് ചെയ്യുന്നത് ഒഴിവാക്കുക, വീടിൻ്റെ പ്രധാന വാതിലുകൾക്കോ രക്ഷാമാർഗ്ഗങ്ങൾക്കോ സമീപം ഇവ ചാർജ് ചെയ്യാതിരിക്കുക, വീർത്തതോ കേടുപാടുകൾ സംഭവിച്ചതോ ആയ ബാറ്ററികൾ ഉടനടി മാറ്റുക എന്നിവ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.