കാനഡയിലെ അൽബെർട്ട പ്രവിശ്യയിൽ രോഗികൾക്ക് സ്വന്തം ചെലവിൽ വൈദ്യപരിശോധനകൾ നടത്താനുള്ള സൗകര്യം പ്രാബല്യത്തിൽ വരുന്നു. ഡോക്ടറുടെ നിർദ്ദേശമോ റഫറലോ ഇല്ലാതെ തന്നെ ഇനിമുതൽ രോഗികൾക്ക് സ്വയം എം.ആർ.ഐ (MRI), അൾട്രാസൗണ്ട് തുടങ്ങിയ പരിശോധനകൾ നടത്താം.
ഡോക്ടറുടെ കുറിപ്പടിക്കായി കാത്തിരിക്കാതെ അതിവേഗം പരിശോധനകൾ പൂർത്തിയാക്കാനും, രോഗ നിർണയം (പ്രത്യേകിച്ച് ക്യാൻസർ പോലെയുള്ള രോഗങ്ങൾ) നേരത്തെ നടത്തി ചികിത്സ ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നാണ് ആൽബെർട്ട സർക്കാരിൻ്റെ വിശദീകരണം. സ്വന്തം ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും മാറ്റങ്ങൾ തോന്നിയാൽ രോഗികൾക്ക് ഇനി ഡോക്ടറുടെ നിർദ്ദേശമില്ലാതെ തന്നെ പരിശോധനയ്ക്കായി സമീപിക്കാം.
സ്വയം പണം നൽകി നടത്തുന്ന പരിശോധനയിൽ ക്യാൻസർ സ്ഥിരീകരിക്കുകയാണെങ്കിൽ, ആ തുക സർക്കാരിൽ നിന്ന് തിരികെ ലഭിക്കുന്ന സംവിധാനവും ഉണ്ടാകും. അൾട്രാസൗണ്ട്, എക്സ്-റേ, എം.ആർ.ഐ, സി.ടി സ്കാൻ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാകുക. പരിശോധന നടത്തുന്ന ക്ലിനിക്കുകൾക്ക് അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും. സ്വന്തം നിലയിൽ പണം നൽകി പരിശോധന നടത്തുന്നവർക്ക് മുൻഗണന നൽകുന്നത് സാധാരണ രോഗികളുടെ കാത്തിരിപ്പ് സമയത്തെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡോക്ടർമാരുടെ ശുപാർശയോടെയെത്തുന്ന രോഗികൾക്ക് മുൻപത്തെപ്പോലെ തന്നെ മുൻഗണന നൽകാൻ ക്ലിനിക്കുകൾ ബാധ്യസ്ഥരാണ്.
അതേസമയം, എല്ലാവർക്കും സൗജന്യമായി എല്ലാ പരിശോധനകളും നടത്താനുള്ള സാമ്പത്തിക ശേഷി നിലവിലെ പൊതുജനാരോഗ്യ സംവിധാനത്തിനില്ലെന്നും, സ്വന്തമായി പണം ചെലവഴിക്കാൻ തയ്യാറുള്ളവർക്ക് മുന്നിൽ വഴികൾ അടയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. വരുന്ന സെപ്റ്റംബർ മുതൽ അൽബെർട്ടയിൽ ജോയിന്റ് റീപ്ലേസ്‌മെന്റ് (ഇടുപ്പ്, മുട്ട് മാറ്റിവെക്കൽ) പോലെയുള്ള ശസ്ത്രക്രിയകൾക്കും സ്വകാര്യ പണമടയ്ക്കൽ രീതി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.