കനത്ത മഴയിലും കൊടുങ്കാറ്റിലും മുങ്ങി എഡ്മണ്ടൻ: ഗതാഗതം തടസ്സപ്പെട്ടു, ജനജീവിതം ദുസ്സഹം

By: 600110 On: Jul 28, 2026, 9:28 AM

 

 

കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കാനഡയിലെ എഡ്മണ്ടനിൽ ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും നഗരത്തിലെ പ്രധാന റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും വെള്ളത്തിനടിയിലായി. മണിക്കൂറിൽ 20 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റും പലതവണയായി പെയ്തിറങ്ങിയ കനത്ത മഴയുമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്.

നഗരത്തിലെ പ്രധാന റോഡ് കണക്ഷനുകളിൽ ഒന്നായ കോണേഴ്സ് റോഡ്, സ്കോണ റോഡ്, 98 അവന്യൂ എന്നിവ ചേരുന്ന ഇൻ്റർചേഞ്ചിൽ വലിയ തോതിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പ്രശസ്തമായ മട്ടാർട്ട് കൺസർവേറ്ററി ചൊവ്വാഴ്ചത്തേക്ക് അടച്ചിട്ടു. ബുധനാഴ്ചയോടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ട്രാക്കിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് 'വാലി ലൈൻ' ട്രെയിൻ സർവീസ് നിർത്തിവച്ചു. പകരമായി ഏർപ്പെടുത്തിയ ബസ് സർവീസുകളും റോഡുകളിലെ വെള്ളക്കെട്ട് കാരണം വലിയ തോതിൽ വൈകി.

എഡ്മണ്ടൻ്റെ ചരിത്രത്തിൽ ലഭിച്ച ഏറ്റവും വലിയ വേനൽക്കാല മഴയ്ക്കാണ് നഗരം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.  ജൂൺ, ജൂലൈ മാസങ്ങളിലായി 511 മില്ലീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ജൂൺ മാസത്തിൽ 112 വർഷത്തെ റെക്കോർഡ് ഭേദിച്ച് 260 മില്ലീമീറ്ററിലധികം മഴ പെയ്തിരുന്നു. വേനൽക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ 70 മുതൽ 80 മില്ലീമീറ്റർ മാത്രമായിരിക്കെയാണ് ഈ അസാധാരണ പ്രതിഭാസം. തുടർച്ചയായ മഴ കാരണം ഭൂഗർഭ ജലനിരപ്പ് ഉയർന്നതും ഡ്രെയിനേജ് സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയാത്തതുമാണ് റോഡുകൾ തോടുകളാകാൻ കാരണം.

കഴിഞ്ഞ ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ നടന്ന പോസ്റ്റ് മലോണിന്റെ സംഗീത പരിപാടി നിർത്തിവെക്കേണ്ടി വരികയും 31,000-ത്തോളം കാണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നഗരത്തിലുടനീളം മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നൂറുകണക്കിന് രക്ഷാപ്രവർത്തനങ്ങളാണ് അഗ്നിശമന സേനയും സിറ്റി ക്രൂവും നടത്തിവരുന്നത്.