അടിയന്തര പരിചരണ മേഖലയിൽ കടുത്ത പ്രതിസന്ധി: ജോലി ഉപേക്ഷിച്ചും സമയം കുറച്ചും കാനഡയിലെ ഡോക്ടർമാർ

By: 600110 On: Jul 28, 2026, 9:26 AM

കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലം അടിയന്തര പരിചരണ (ER) വിഭാഗത്തിലെ ഡോക്ടർമാർ ജോലി ഉപേക്ഷിക്കുകയോ ജോലി സമയം വെട്ടിച്ചുരുക്കുകയോ ചെയ്യുന്നതായി പുതിയ പഠന റിപ്പോർട്ട്. പത്ത് ശതമാനത്തോളം ഡോക്ടർമാർ ഈ രംഗത്തുനിന്ന് പൂർണ്ണമായും പിന്മാറിയപ്പോൾ, പകുതിയോളം പേർ തങ്ങളുടെ പ്രതിവാര ജോലി സമയം കുറച്ചതായി സർവേ വ്യക്തമാക്കുന്നു. തകർച്ചയുടെ വക്കിലെത്തിയ കാനഡയിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് കൂടുതൽ ആശങ്കയുളവാക്കുന്ന റിപ്പോർട്ടാണിത്.

കോവിഡ് മഹാമാരിയുടെ സമയത്ത് അനുഭവപ്പെട്ടതിന് സമാനമായ മാനസിക സമ്മർദ്ദത്തിലൂടെയും കടുത്ത നിരാശയിലൂടെയുമാണ് തങ്ങൾ ഇപ്പോഴും കടന്നുപോകുന്നതെന്ന് സർവേയിൽ പങ്കെടുത്ത ഡോക്ടർമാർ വെളിപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ എമർജൻസി വിഭാഗങ്ങളുടെ ഭാവി തികച്ചും ആശങ്കാജനകമാണെന്നും രോഗികളുടെ സുരക്ഷ പോലും അപകടത്തിലാണെന്നും പഠനത്തിന് നേതൃത്വം നൽകിയവർ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തുടനീളമുള്ള എമർജൻസി വിഭാഗങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതും ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് കൃത്യമായ ചികിത്സ കിട്ടാതെ 14 മണിക്കൂറിലധികം എമർജൻസി മുറികളിൽ കാത്തിരിക്കേണ്ടി വരുന്നത്.  രോഗികളെ കാത്തിരിപ്പുകേന്ദ്രങ്ങളിലെ കസേരകളിലും ഇടനാഴികളിലുമിരുത്തി പരിശോധിച്ച് അയക്കേണ്ട അവസ്ഥയാണ്. ദീർഘനേരത്തെ കാത്തിരിപ്പ് സഹിക്കാനാവാതെ ഡോക്ടറെ കാണാതെ മടങ്ങുന്ന രോഗികളുടെ എണ്ണവും വർധിക്കുകയാണ്.  

2020 ഡിസംബർ മുതൽ 2025 ജനുവരി വരെയുള്ള കാലയളവിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. സർവേയിൽ പങ്കെടുത്ത 410 ഡോക്ടർമാരിൽ 41 പേർ എമർജൻസി മേഖല ഉപേക്ഷിച്ചു. ഇതിൽ പത്ത് പേർ വിരമിച്ചപ്പോൾ, 25 പേർ മറ്റ് വൈദ്യശാഖകളിലേക്ക് മാറി. ആറ് പേർ രോഗീപരിചരണം പൂർണ്ണമായും അവസാനിപ്പിച്ചു. തുടരുന്ന ഡോക്ടർമാരിൽ 46 ശതമാനം പേർ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവരാണ്.  നിലവിലെ ആരോഗ്യസംവിധാനത്തിൽ അടിയന്തര തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ കാനഡയിലെ അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ താറുമാറാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.