സീയാറ്റില്‍ വെടിവെയ്പ്പ്: മൂന്ന് മരണം, നാല് പേര്‍ക്ക് പരിക്ക്; മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്

By: 600002 On: Jul 28, 2026, 7:02 AM



 

പി പി ചെറിയാന്‍

സീയാറ്റില്‍: യു.എസിലെ സീയാറ്റില്‍ സെന്ററില്‍ നടന്ന 'ബൈറ്റ് ഓഫ് സീയാറ്റില്‍' ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 2 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പരസ്പരം വെടിവെയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റുമുട്ടലില്‍ പങ്കെടുത്ത 19-കാരനായ ജൂനിയര്‍ സി നികോ സെമോ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 56-കാരിയായ ആഷ്ലി വൈറ്റ്ഹെഡ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 15-കാരനായ ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 2 വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടു.

എഫ്.ബി.ഐ , എ.ടി.എഫ് , പ്രാദേശിക പോലീസ് എന്നിവരുള്‍പ്പെടെയുള്ള വന്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.