കാനഡയിൽ വേനൽക്കാലത്ത് രക്തശേഖരത്തിൽ അപ്രതീക്ഷിതമായി വലിയ കുറവ് രേഖപ്പെടുത്തുന്നതായി കനേഡിയൻ ബ്ലഡ് സർവീസസ് മുന്നറിയിപ്പ് നൽകി. ജൂൺ ഒന്നു മുതൽ രാജ്യത്തെ മൊത്തം രക്തശേഖരത്തിൽ 20 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണയായി വേനലവധിക്കാലത്ത് യാത്രകളും മറ്റും കാരണം രക്തദാനത്തിൽ ചെറിയ തോതിൽ കുറവുണ്ടാകാറുണ്ടെങ്കിലും, ഇത്തവണ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ ശേഖരം കുറഞ്ഞത് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കുന്നുണ്ട്.
ആശുപത്രികളിലെ ദൈനംദിന ആവശ്യങ്ങളും ചികിത്സകളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഒരാഴ്ച 18,000 മുതൽ 19,000 വരെ രക്തദാന അപ്പോയിൻമെൻ്റുകൾ അനിവാര്യമാണ്. എന്നാൽ കഴിഞ്ഞ ആറാഴ്ചയായി ഓരോ ആഴ്ചയും 1,500 മുതൽ 2,000 വരെ അപ്പോയിൻമെൻ്റുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് സി.ബി.എസ് അധികൃതർ വ്യക്തമാക്കി. നിലവിൽ മുൻകൂട്ടി നിശ്ചയിച്ച അപ്പോയിൻമെൻ്റുകൾ റദ്ദാക്കുന്നതിലോ ദാതാക്കൾക്ക് യോഗ്യതയില്ലാതാകുന്നതിലോ വർദ്ധനവില്ലെങ്കിലും, ആളുകൾ രക്തദാനത്തിനായി മുന്നോട്ട് വരാത്തതിൻ്റെ വ്യക്തമായ കാരണം കണ്ടെത്താനാകാതെ അധികൃതർ ആശയക്കുഴപ്പത്തിലാണ്.
ഓഗസ്റ്റ് ആദ്യവാരത്തിലെ നീണ്ട അവധിക്കാലം അടുത്തെത്തി നിൽക്കെ, റോഡപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ത ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ചികിത്സകൾ വൈകുന്ന സാഹചര്യം ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങൾ അടിയന്തരമായി രക്തദാനത്തിന് തയ്യാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി വാരാന്ത്യങ്ങളിൽ കൂടുതൽ ബ്ലഡ് ഡൊണേഷൻ കേന്ദ്രങ്ങളും അപ്പോയിൻമെൻ്റ് സ്ലോട്ടുകളും സജ്ജമാക്കി വരികയാണെന്ന് സി.ബി.എസ് അറിയിച്ചു.