ഹൂസ്റ്റണില്‍ വെടിവെപ്പ്: 17-കാരിയും സഹോദരനും കൊല്ലപ്പെട്ടു; മുന്‍ കാമുകന്‍ അറസ്റ്റില്‍

By: 600002 On: Jul 27, 2026, 11:57 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ നോര്‍ത്ത് സെയ്ഡില്‍ 17-കാരിയായ പെണ്‍കുട്ടിയും 29-കാരനായ സഹോദരനും വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മുന്‍ കാമുകനായ 19-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ കാനിനോ റോഡിലായിരുന്നു സംഭവം. പെണ്‍കുട്ടിയും കുഞ്ഞും വീടിന് പുറത്തുനില്‍ക്കുമ്പോള്‍ തോക്കുമായി എത്തിയ പ്രതി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സഹോദരനും പെണ്‍കുട്ടിക്കും നേരെ പ്രതി  വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി 19-കാരനായ എയ്ഞ്ചല്‍ ഹാവിന്‍ റോഡ്രിഗസിനെതിരെ ക്യാപിറ്റല്‍ മര്‍ഡര്‍ കുറ്റം ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ നിലവില്‍ ഹാരിസ് കൗണ്ടി ജയിലില്‍ കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.