പി പി ചെറിയാന്‍
ടെക്‌സസ്: തെക്കന്‍ ഫോര്‍ട്ട് വര്‍ത്തില്‍ പോലീസുമായുള്ള വാഹനാന്വേഷണത്തിനിടയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു. ഫോര്‍ട്ട് വര്‍ത്ത് പോലീസ് ചീഫ് എഡി ഗാര്‍സിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശനിയാഴ്ച രാത്രി 8 മണിയോടെ സൗത്ത് ഫ്രീവേയുടെ 9000-ാം ബ്ലോക്കില്‍ പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് സംഭവം. പോലീസിനെ കണ്ട ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു. തുടര്‍ന്ന് അടുത്തെത്തിയ പോലീസിന് നേരെ ഇയാള്‍ തോക്ക് ചൂണ്ടിയതിനെ തുടര്‍ന്നാണ് ആത്മരക്ഷാര്‍ത്ഥം പോലീസ് വെടിയുതിര്‍ത്തത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇയാള്‍, തന്റെ ശരീരത്തിലുണ്ടായിരുന്ന നിരീക്ഷണ വാച്ച് (ആങ്കിള്‍ മോണിറ്റര്‍) അറുത്തുമാറ്റി ഒളിവില്‍ പോയയാളാണ്.
വാഹനം പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ച പോലീസിന് നേരെ പ്രതി കൈത്തോക്കുമായി തിരിയുകയും, തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ പ്രതി മരിച്ചു.
കൊല്ലപ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ ഞായറാഴ്ച രാവിലെയോടെ പോലീസ് പുറത്തുവിട്ടിട്ടില്ല. വരുന്ന ആഴ്ചകളില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്ന് പോലീസ് അറിയിച്ചു.