ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ 'ഫാമിലി പിക്‌നിക് 2026' ആകര്‍ഷകമായി

By: 600002 On: Jul 27, 2026, 11:38 AM



 

പി പി ചെറിയാന്‍

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാര്‍ഷിക കുടുംബ സംഗമവും പിക്‌നിക്കും ഗാര്‍ലന്‍ഡിലെ വണ്‍ ഇലവന്‍ റാഞ്ച് പാര്‍ക്കില്‍  വച്ച് പ്രൗഢഗംഭീരമായി നടന്നു. ജൂലൈ 25 ശനിയാഴ്ച രാവിലെ 10:30 മുതല്‍ ആരംഭിച്ച ചടങ്ങില്‍ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍  നിന്നും നിരവധി  പ്രവാസികള്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌നേഹവിരുന്നും ആവേശകരമായ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. 'സസ്‌നേഹം ഒരു ഊണ്' എന്ന പ്രമേയത്തില്‍ ഒരുക്കിയ പരമ്പരാഗത വിഭവം ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ മത്സരങ്ങള്‍, കഥപറച്ചില്‍, കവിതാലാപനം എന്നിവ പങ്കെടുത്തവര്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി.

സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് അനശ്വര്‍ മാമ്പിള്ളി,സെക്രട്ടറി  ബാജി ഓടംവേലി, സാറാ ചെറിയാന്‍, സി വി ജോര്‍ജ് ,ഉഷ നായര്‍, നിമ്മി ,പി സി മാത്യു,ഷിജു എബ്രഹാം, സിജു വി ജോര്‍ജ്  ,സന്തോഷ് പിള്ള  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡാളസിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക സൗഹാര്‍ദ്ദം വിളിച്ചോതുന്നതായിരുന്നു ഈ വര്‍ഷത്തെ പിക്‌നിക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.