കണ്ണീരിന്റെ തുരുത്തികളില്‍ പെയ്തിറങ്ങിയ വചനസാന്നിധ്യം: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ കണ്‍വെന്‍ഷന് പ്രൗഢഗംഭീര തുടക്കം

By: 600002 On: Jul 27, 2026, 11:36 AM



 

പി. പി. ചെറിയാന്‍

ഡാളസ്: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ അനുഭവങ്ങളിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ 2026-ലെ വാര്‍ഷിക കണ്‍വെന്‍ഷന് പ്രാര്‍ത്ഥനാപൂര്‍വ്വം ഭക്തിനിര്‍ഭരമായ തുടക്കമായി.

ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി റവ. റെജിന്‍ അച്ചന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് കണ്‍വെന്‍ഷന്‍ ചടങ്ങുകള്‍ക്ക് തിരിതെളിഞ്ഞത്. മാര്‍ത്തോമാ സഭയിലെ പ്രമുഖ വേദപണ്ഡിതനും മികച്ച കണ്‍വെന്‍ഷന്‍ പ്രാസംഗികനുമായ റവ. റോബിന്‍ വര്‍ഗീസ് ഒന്നാം ദിനത്തില്‍ ദൈവവചന പ്രഘോഷണം നടത്തി.

സങ്കീര്‍ത്തനം 119:82-83 വാക്യങ്ങളിലെ 'പുകയില്‍ വെച്ച തുരുത്തി' എന്ന പ്രതീകാത്മകതയെയും, 1 രാജാക്കന്മാര്‍ 17-ാം അധ്യായത്തിലെ സാരെഫാത്തിലെ വിധവയുടെ അനുഭവത്തെയും ആസ്പദമാക്കിയായിരുന്നു റവ. റോബിന്‍ വര്‍ഗീസിന്റെ സന്ദേശം.

'മനുഷ്യജീവിതത്തെ ഏറ്റവും കൂടുതല്‍ തകര്‍ക്കുന്നത് ദാരിദ്ര്യമോ രോഗമോ അല്ല, മറിച്ച് നിരാശയാണ്. ലോകം നല്‍കുന്ന തുരുത്തികള്‍ ഒരുനാള്‍ ശൂന്യമായേക്കാം. എന്നാല്‍ 'ഞാന്‍ നിന്റെ തുരുത്തി ശൂന്യമാകാന്‍ അനുവദിക്കുകയില്ല' എന്ന് അരുളിച്ചെയ്യുന്ന ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിലെ കണ്ണീരിനെയും വേദനകളെയും പ്രത്യാശയാക്കി മാറ്റും.' എന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

സെക്രട്ടറി സോജി സ്‌കറിയാ,  രാജന്‍ കുഞ്ഞു ചിറയില്‍, കെ എസ് മാത്യു ,ആനി  ജോര്‍ജ് ,ട്രസ്റ്റിമാരായ രാജു ചാക്കോ,ജിപ്‌സണ്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേത്ര്വത്വം നല്‍കി 

അനുഗ്രഹപ്രദമായ ഈ പ്രാരംഭ ദിന യോഗത്തില്‍ നിരവധിയാളുകളാണ് പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിച്ചത്.

ജൂലൈ 25, ശനി വൈകിട്ട് 6:30-ന് കണ്‍വെന്‍ഷന്‍ യോഗം ആരംഭിക്കും. റവ. റോബിന്‍ വര്‍ഗീസ് തുടര്‍ന്നും വചനശുശ്രൂഷ നിര്‍വ്വഹിക്കും. ജൂലൈ 26, ഞായര്‍  രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവിധ പരിപാടികളോടെ വിപുലമായ പാരിഷ് ഡേ ആഘോഷങ്ങള്‍ നടക്കും.

കണ്‍വെന്‍ഷന്റെയും പാരിഷ് ഡേ ആഘോഷങ്ങളുടെയും വിജയത്തിനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവരണമെന്ന് ഇടവക വികാരി റവ. റെജിന്‍ അച്ചനും സെക്രട്ടറി സോജി സ്‌കറിയയും അഭ്യര്‍ത്ഥിച്ചു.