കാനഡയിൽ പെർമനൻ്റ് റെസിഡൻസി ലഭിക്കുന്ന വിദേശികളുടെ എണ്ണത്തിൽ 20 ശതമാനത്തിൻ്റെ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഫെഡറൽ സർക്കാർ ഇമിഗ്രേഷൻ നയങ്ങളിൽ വരുത്തിയ കർശനമായ മാറ്റങ്ങളാണ് ഈ ഇടിവിന് പ്രധാന കാരണം. ദേശീയതലത്തിലുണ്ടായ ഈ കുറവിൽ പകുതിയിലധികം തിരിച്ചടി നേരിട്ടത് ഇന്ത്യൻ അപേക്ഷകർക്കാണ്. ഇതിനുപുറമെ, 2023-നെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ 66 ശതമാനത്തിന്റെ വല്ല കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥിരതാമസക്കാരുടെ വരവിലുണ്ടായ പ്രതിസന്ധി രാജ്യത്തെ ചില പ്രവിശ്യകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാണ് ദേശീയതലത്തിലുണ്ടായ ആകെ കുറവിൻ്റെ 81 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ കേന്ദ്രങ്ങളായ ഈ മേഖലകളിൽ പുതിയ പി.ആർ അപേക്ഷകർ കുറഞ്ഞപ്പോൾ, വിപരീതമായി ക്യുബെക് പ്രവിശ്യയിൽ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവുണ്ടായി. പ്രവിശ്യാതലത്തിലുള്ള പ്രത്യേക കുടിയേറ്റ നയങ്ങളിലെ വ്യത്യാസമാണ് ഇതിന് വഴിതെളിച്ചത്.
പാർപ്പിടക്ഷാമം, വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ, അടിസ്ഥാന സൗകര്യ മേഖലകളിലെ സമ്മർദ്ദം എന്നിവ പരിഹരിക്കുന്നതിൻ്റെ ഭാഗമായി കാനഡ നടപ്പിലാക്കിയ കർശനമായ വീസ നിബന്ധനകളാണ് നിലവിലെ തകർച്ചയ്ക്ക് കാരണം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ഘട്ടങ്ങളായി വെട്ടിക്കുറച്ചതും പെർമനൻ്റ് റെസിഡൻസി യോഗ്യതാ മാനദണ്ഡങ്ങൾ കൂടുതൽ കടുപ്പിച്ചതും കാനഡയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്ന വലിയൊരു വിഭാഗം ഇന്ത്യൻ അപേക്ഷകരുടെ അവസരങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.