ആത്മീയ അനുഗ്രഹങ്ങളുടെയും പ്രാർത്ഥനകളുടെയും പേരിൽ വയോധികരായ ചൈനീസ് വംശജരെ വഞ്ചിച്ചു പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുന്ന 'ബ്ലെസിംഗ് സ്കാം' കാനഡയിലെ വാൻകൂവറിൽ വ്യാപകമാകുന്നു. ഈ വർഷം മാത്രം ഇത്തരം തട്ടിപ്പുകളിലൂടെ വയോധികർക്ക് 3 ലക്ഷത്തിലധികം ഡോളർ (ഏകദേശം 2.5 കോടിയോളം രൂപ) നഷ്ടപ്പെട്ടതായി വാൻകൂവർ പോലീസ് ഡിപ്പാർട്ട്മെന്റ് (VPD) മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തട്ടിപ്പുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ഇതുവരെ 13 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ വെച്ച് പ്രായമായവരെ സമീപിക്കുന്ന തട്ടിപ്പുകാർ, കുടുംബത്തിലെ നിർഭാഗ്യങ്ങൾ ഒഴിവാക്കാനോ രോഗസൗഖ്യത്തിനായോ പ്രത്യേക ആത്മീയ ചടങ്ങുകൾ നടത്തണമെന്ന് വിശ്വസിപ്പിക്കുന്നു. തുടർന്ന് പ്രാർത്ഥനയുടെ ഭാഗമായി പണവും സ്വർണ്ണാഭരണങ്ങളും വാങ്ങി വയ്ക്കുകയും, ചടങ്ങിന് ശേഷം ഇവ മടക്കി നൽകാതെ തട്ടിയെടുത്ത് മുങ്ങുകയുമാണ് ഇവരുടെ രീതി.
മാനസികമായ സമ്മർദ്ദവും ഭയവും സൃഷ്ടിച്ചാണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്. വഞ്ചിക്കപ്പെട്ട പല വയോധികരും നാണക്കേടും വിഷമവും കാരണം പൊലീസിൽ പരാതിപ്പെടാൻ മടിക്കുന്നതിനാൽ യഥാർത്ഥ കേസുകളുടെ എണ്ണം ഇതിലും കൂടുതലാകാമെന്ന് ഇൻസ്പെക്ടർ ഷീവ് ഗിൽ വ്യക്തമാക്കി. ഇത്തരത്തിൽ വ്യാജ വാഗ്ദാനങ്ങളുമായി സമീപിക്കുന്ന അപരിചിതരെ വിശ്വസിക്കരുതെന്നും, അപായ സൂചനകൾ തോന്നിയാൽ ഉടൻ മറ്റുള്ളവരുമായി ആലോചിക്കണമെന്നും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ഓർമ്മിപ്പിക്കുന്നു.
ചൈനീസ് ഭാഷ സംസാരിക്കുന്നവർ കൂടുതലായി വസിക്കുന്ന ഈസ്റ്റ്, സൗത്ത് ഈസ്റ്റ് വാൻകൂവർ പ്രദേശങ്ങളിലാണ് പകുതിയിലധികം സംഭവങ്ങളും നടന്നിട്ടുള്ളത്. അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. യഥാർത്ഥ ആത്മീയ അനുഗ്രഹങ്ങൾക്കോ പ്രാർത്ഥനകൾക്കോ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നൽകേണ്ടതില്ലെന്ന് ഓർമ്മിപ്പിക്കുന്ന പോലീസ്, പ്രായമായ ബന്ധുക്കൾക്ക് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരണം നൽകാൻ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു.