ബെൽജിയത്തിലെ നാറ്റോ സൈനിക ആസ്ഥാനത്ത് ചാരവൃത്തി നടത്തിയെന്ന സംശയത്തെ തുടർന്ന് കനേഡിയൻ യുവതി അറസ്റ്റിൽ. മോൺസിലുള്ള നാറ്റോയുടെ സൈനിക ആസൂത്രണ കേന്ദ്രമായ 'ഷെയ്പ്പിൽ' പരിശീലനം നടത്തിവന്നിരുന്ന ഇൻ്റേനാണ് പിടിയിലായത്. വ്യാഴാഴ്ച നടത്തിയ പരിശോധനകൾക്ക് ശേഷം വെള്ളിയാഴ്ചയാണ് ബെൽജിയം പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചൈനീസ് വംശജയായ യുവതി ഒരു കുറ്റകൃത്യ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതായി ബെൽജിയം ഫെഡറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയെങ്കിലും, ഇവരുടെ പേരോ ഏത് രാജ്യത്തിന് വേണ്ടിയാണ് ചാരവൃത്തി നടത്തിയതെന്ന വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, നാറ്റോയുടെ സൈനിക നീക്കങ്ങളെയോ പ്രവർത്തനങ്ങളെയോ ഇത് ബാധിച്ചിട്ടില്ലെന്നും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അടുത്തിടെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് തൊട്ടുപിന്നാലെയാണ് ഈ സംഭവം പുറത്തുവരുന്നത്. നാറ്റോ പോലുള്ള അന്താരാഷ്ട്ര പ്രതിരോധ സംഘടനകളിൽ പരിശീലനത്തിനെത്തുന്ന ജീവനക്കാരുടെ സുരക്ഷാ പരിശോധനകളെക്കുറിച്ചും നിയമന രീതികളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ അറസ്റ്റ്. സംഭവത്തിൽ കനേഡിയൻ സർക്കാരിന്റെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബെൽജിയം അധികൃതർ വ്യക്തമാക്കി.