ടൊറൻ്റോ, വാൻകൂവർ ഉൾപ്പടെയുള്ള നഗരങ്ങളിൽ ലെയ്‌ൻവേ ഹോമുകൾ ജനപ്രിയമാകുന്നു

By: 600110 On: Jul 27, 2026, 11:01 AM

യുവതലമുറയ്ക്ക് താങ്ങാനാവുന്ന തുകയിൽ സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും, കുടുംബങ്ങൾക്ക് ഒന്നിച്ചു ജീവിക്കാനും വഴിതുറന്ന് 'ലെയ്‌ൻവേ ഹോമുകൾ' ജനപ്രിയമാകുന്നു. സ്വന്തം പുരയിടത്തിൻ്റെ പിൻവശത്തോ ഗാരേജ് നിൽക്കുന്ന സ്ഥലത്തോ നിർമ്മിക്കുന്ന ചെറിയ പാർപ്പിടങ്ങളാണ് ലെയ്‌ൻവേ ഹോമുകൾ എന്നറിയപ്പെടുന്നത്.

ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങൾക്ക് പിന്നാലെ കാനഡയിലെ കൂടുതൽ നഗരങ്ങൾ ഇത്തരത്തിലുള്ള വീടുകളുടെ നിർമ്മാണത്തിന് ഇളവുകളും പ്രോത്സാഹനവും നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങൾ, ഫയർ ഹൈഡ്രൻ്റ് സൗകര്യം എന്നിവ ലഭ്യമാണോ എന്ന് ആദ്യം ഉറപ്പുവരുത്തണം. നിർമ്മാണ സ്ഥലത്തെ മരങ്ങൾ, വൈദ്യുത ലൈനുകൾ, ഡ്രെയിനേജ്, ഗ്യാസ് സംവിധാനങ്ങൾ എന്നിവയും പരിശോധിക്കേണ്ടതുണ്ട്. നഗരസഭയുടെ നിയമാവലികൾക്ക് അനുസൃതമായി വേണം വീടിൻ്റെ പ്ലാൻ തയ്യാറാക്കാൻ.

കൽഗറി നിവാസിയായ 69-കാരൻ യുജീൻ ബ്ലാഞ്ചാർഡ് തൻ്റെ പഴക്കം ചെന്ന ഗാരേജ് പൊളിച്ചുമാറ്റിയാണ് മകൾക്കും പങ്കാളിക്കുമായി ലെയ്‌ൻവേ വീട് നിർമ്മിച്ചത്. വിപണിയിൽ വീട് വാങ്ങാൻ വലിയ തുക ചെലവാകുന്ന സമയത്ത്, ഏകദേശം 3,30,000 ഡോളർ ചെലവഴിച്ചാണ് അദ്ദേഹം 1,440 ചതുരശ്ര അടിയുള്ള വീട് പണിതത്. ഇതിലൂടെ വൻതുകയുടെ മെയിൻ്റനൻസ് ഫീസുകൾ ഒഴിവാക്കാനും സർക്കാരിന്റെ 20,000 ഡോളറിലധികം വരുന്ന സബ്‌സിഡി ആനുകൂല്യം നേടാനും അദ്ദേഹത്തിന് സാധിച്ചു.

ഭീമമായ റിയൽ എസ്റ്റേറ്റ് വില കാരണം സ്വന്തമായി വീട് വാങ്ങാൻ സാധിക്കാത്ത യുവതലമുറയ്ക്ക് വലിയ ആശ്വാസമാണ് ഈ മാതൃക. കൂടാതെ, പ്രായമായ മാതാപിതാക്കൾക്ക് തങ്ങളുടെ സ്വന്തം വീടും പരിസരവും ഉപേക്ഷിക്കാതെ തന്നെ മക്കളുടെ സംരക്ഷണത്തിൽ ജീവിക്കാനും ഇത് വഴിയൊരുക്കുന്നു. എന്നാൽ, ലെയ്‌ൻവേ വീടുകൾ പുതിയ ആശയമായതിനാൽ ചില പ്രാരംഭ വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. നിർമ്മാണ അനുമതികൾ ലഭിക്കാനുള്ള കാലതാമസത്തിനൊപ്പം ബാങ്ക് വായ്പകൾ, ഇൻഷുറൻസ്, പ്രോപ്പർട്ടി മൂല്യനിർണ്ണയം  എന്നിവയിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും നിലനില്ക്കുന്നുണ്ട്.

ഹ്രസ്വകാല ലാഭം ലക്ഷ്യമിട്ട് വീട് നിർമ്മിച്ച് ഉടൻ വിൽക്കാൻ ശ്രമിക്കുന്നവർക്ക് വിപണിയിലെ മാറ്റങ്ങൾ തിരിച്ചടിയായേക്കാം. അതുകൊണ്ടുതന്നെ, പെട്ടെന്നുള്ള സാമ്പത്തിക ലാഭത്തേക്കാൾ ദീർഘകാല താമസത്തിനും കുടുംബങ്ങൾ ഒന്നിച്ച് കഴിയുന്നതിനും ലെയ്‌ൻവേ ഹോമുകളാണ് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നു.