മാനിറ്റോബയിൽ എംഎൽഎയുടെ വീട്ടിൽ ഉൾപ്പടെ അക്രമം അഴിച്ചുവിട്ടയാൾ അറസ്റ്റിൽ

By: 600110 On: Jul 27, 2026, 10:51 AM

 

മാനിറ്റോബയിൽ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ട 35-കാരൻ അറസ്റ്റിൽ. ഫോർട്ട് ഗാരി നിയോജകമണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎയായ മാർക്ക് വാസില്യുവിൻ്റെ വീട് ഉൾപ്പെടെ പ്രദേശത്തെ ആറ് വീടുകളിലും ഒരു ഹൈസ്കൂളിലുമാണ് ശനിയാഴ്ച രാവിലെ അക്രമി ജനൽച്ചില്ലുകൾ തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചത്.

ശനിയാഴ്ച പുലർച്ചെ വൻ ശബ്ദം കേട്ട് ഉണർന്ന എംഎൽഎ മാർക്ക് വാസില്യു താഴത്തെ നിലയിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ ജനൽച്ചില്ല് തകർത്ത് അക്രമി അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് കണ്ടത്. മദ്യവും വീട്ടുസാധനങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ അക്രമി, എംഎൽഎ പൊലീസിനെ വിളിക്കാൻ മുകളിലത്തെ നിലയിലേക്ക് പോയ സമയം കൊണ്ട് സിമൻ്റ് കട്ട ഉപയോഗിച്ച് വീണ്ടും ജനൽ തകർക്കുകയായിരുന്നു.

പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ അക്രമി ചില വീടുകളിൽ നിന്ന് സാധനങ്ങൾ കവരുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഏകദേശം 25,000 ഡോളറിൻ്റെ നാശനഷ്ടമാണ് ഇയാൾ വരുത്തിവെച്ചത്. അക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞെത്തിയ പൊലീസ്, തകർത്ത മദ്യക്കുപ്പിയുമായി റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രതിയെ സംഭവസ്ഥലത്തു വെച്ചുതന്നെ പിടികൂടി. വീടുകളിൽ അതിക്രമിച്ചു കയറിയതിന് ഏഴ് കേസുകൾക്ക് പുറമെ, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, വധഭീഷണി, മുൻ ജാമ്യവ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.