അമേരിക്കയിലെ ഏറ്റവും സുരക്ഷിത വിമാനത്താവളമായി DFW; 20 വര്‍ഷത്തെ പഠനത്തില്‍ ഒന്നാം സ്ഥാനം

By: 600002 On: Jul 27, 2026, 9:55 AM



 

പ്രസാദ് തീയാടിക്കല്‍

ഡാലസ്: അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളമായി ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളം (DFW) തിരഞ്ഞെടുക്കപ്പെട്ടതായി പുതിയ പഠനം. സാന്‍ ആന്റോണിയോ ആസ്ഥാനമായുള്ള George Salinas Injury Lawyers നടത്തിയ പഠനത്തിന്റെ ഫലമാണ് Travel + Leisure പ്രസിദ്ധീകരിച്ചത്.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA), നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) എന്നിവയുടെ കഴിഞ്ഞ 20 വര്‍ഷത്തെ വിമാനാപകട വിവരങ്ങള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍, വന്യജീവികളുമായുള്ള കൂട്ടിയിടികള്‍ (wildlife strikes) തുടങ്ങിയ ഘടകങ്ങള്‍ വിശകലനം ചെയ്താണ് സുരക്ഷാ റാങ്കിംഗ് തയ്യാറാക്കിയത്.

പഠനപ്രകാരം, ഒരു ദശലക്ഷം വിമാന സര്‍വീസിന് വെറും മൂന്ന് അപകടങ്ങള്‍ മാത്രമാണ് DFWയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, വര്‍ഷത്തില്‍ ശരാശരി ഒരു മഞ്ഞുവീഴ്ച ദിനം മാത്രമുള്ളതിനാല്‍ പ്രതികൂല കാലാവസ്ഥ മൂലമുള്ള അപകടസാധ്യതയും വളരെ കുറവാണ്. വിമാനങ്ങളും വന്യജീവികളും തമ്മിലുള്ള കൂട്ടിയിടികളില്‍ 2.1 ശതമാനം മാത്രമാണ് ഗുരുതര നാശനഷ്ടമുണ്ടാക്കിയത്, ഇതും വിമാനത്താവളത്തിന്റെ ഉയര്‍ന്ന സുരക്ഷാ നിലവാരത്തിന് കാരണമായി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നും American Airlinesന്റെ പ്രധാന ഹബ്ബുമായ DFWയ്ക്ക് ലഭിച്ച ഈ അംഗീകാരം ഉത്തര ടെക്‌സസിനും വ്യോമയാന മേഖലയ്ക്കും അഭിമാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.