പ്രസാദ് തീയാടിക്കല്‍
കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന 21-കാരനായ വിദ്യാര്‍ത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്ന ഡ്രൈവര്‍ റെഡ് സിഗ്‌നല്‍ മറികടന്ന് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.
ബുധനാഴ്ച (ജൂലൈ 23) രാത്രി സര്‍വകലാശാലയ്ക്കു സമീപമുള്ള North High Street-East 11th Avenue ജംഗ്ഷനിലാണ് അപകടം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, ഫോര്‍ഡ് മസ്റ്റാങ് കാര്‍ റെഡ് സിഗ്‌നല്‍ മറികടന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് കാല്‍നടയാത്രക്കാരെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സരോഷ് ഷേത്തിനെ Ohio State Wexner Medical Centerലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് കാല്‍നടയാത്രക്കാരും ചികിത്സയിലാണ്.
ന്യൂറോസയന്‍സ് വിഷയത്തില്‍ പഠിച്ചിരുന്ന സരോഷ് ഷേത്ത് ഭാവിയില്‍ ഡോക്ടറാകാനും ന്യൂറോഡിജെനറേറ്റീവ് രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്താനും ആഗ്രഹിച്ചിരുന്ന വിദ്യാര്‍ത്ഥിയാണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
അപകടമുണ്ടാക്കിയ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.