അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി കാനഡ: 'സൈക്ലോസ്പോറ' രോഗബാധ രൂക്ഷമാകുന്നുവെന്ന് മുന്നറിയിപ്പ്

By: 600110 On: Jul 25, 2026, 12:42 PM

 

 

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്കായി കാനഡ ഗവൺമെൻ്റ് അടിയന്തര യാത്രാ ആരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ 'സൈക്ലോസ്പോറ' (Cyclospora) എന്ന പാരസൈറ്റ് മൂലമുണ്ടാകുന്ന കുടൽസംബന്ധമായ രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് നടപടി. മലിനമായ ഭക്ഷണത്തിലൂടെയോ ജലത്തിലൂടെയോ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ഈ രോഗാണു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ സാധ്യത കുറവാണെങ്കിലും രോഗബാധ തടയാൻ കടുത്ത ജാഗ്രത അനിവാര്യമാണെന്ന് കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

യു.എസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ  ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മെയ് ഒന്ന് മുതൽ ഇതുവരെ 4,173 കേസ് സ്ഥിരീകരിക്കുകയും 308 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 7,400-ലധികം ലക്ഷണങ്ങളുള്ള കേസുകൾ നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളം പോലെ പോകുന്ന വയറിളക്കമാണ് പ്രധാന ലക്ഷണമായി കാണപ്പെടുന്നത്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിന്നേക്കാം. ഇതിനു പുറമെ വയറുവേദന, കടുത്ത തളർച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, നേരിയ പനി, ഛർദ്ദിൽ എന്നിവയും രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ഈ സാഹചര്യത്തിൽ യു.എസ് സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാർ കർശനമായ ആഹാര-ശരീര ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുൻപ് ശുദ്ധജലത്തിൽ നന്നായി കഴുകേണ്ടതാണ്. വിപണിയിൽ പ്രീ-വാഷ്ഡ് എന്ന ലേബലിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ പച്ചക്കറികൾ നന്നായി വേവിച്ച് മാത്രം കഴിക്കാനും, കടുത്ത വയറിളക്കമോ അനുബന്ധ അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ വിദഗ്ധ വൈദ്യസഹായം തേടാനും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.