ബാൻഫ് നാഷണൽ പാർക്കിൽ വളർത്തുമൃഗത്തെ അഴിച്ചുവിട്ടു:  സഞ്ചാരികൾക്കെതിരെ കേസ്

By: 600110 On: Jul 25, 2026, 12:23 PM

 

 

ബാൻഫ് നാഷണൽ പാർക്കിൽ വളർത്തുനായയെ ചങ്ങലയിടാതെ തുറന്നുവിട്ട് യാത്ര ചെയ്തതിനും, തുടർന്ന് ഹിമാലയൻ ഗ്രിസ്‌ലി കരടിയുടെ മുന്നിൽപ്പെട്ട സംഭവത്തിലും സഞ്ചാരികൾക്കെതിരെ പാർക്ക് അധികൃതർ കേസെടുത്തു. ജൂലൈ 19-ന് ടെയ്‌ലർ ലേക്ക് ട്രെയിനിൽ വെച്ച് നടന്ന ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പാർക്സ് കാനഡ വാർഡൻമാർ വ്യക്തികളെ തിരിച്ചറിയുകയും കാനഡ ഡൊമസ്റ്റിക് അനിമൽ റെഗുലേഷൻസ് നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം കേസെടുക്കുകയുമായിരുന്നു.

ദേശീയോദ്യാന നിയമങ്ങൾ അനുസരിച്ച് പാർക്കിലെത്തുന്ന വളർത്തുമൃഗങ്ങളെ എപ്പോഴും മൂന്ന് മീറ്ററോ അതിൽ കുറവോ നീളമുള്ള ചങ്ങലയിൽ ബന്ധിക്കേണ്ടതുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്ക് 25,000 കനേഡിയൻ ഡോളർ വരെ  പിഴ ചുമത്താൻ വകുപ്പുണ്ട്. മൃഗങ്ങളെ ചങ്ങലയിടാതെ തുറന്നുവിടുന്നത് വന്യജീവികൾക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ജീവഹാനി വരുത്തുമെന്നും, ഭീഷണിയായി തോന്നുന്ന നായ്ക്കൾക്കെതിരെ കരടികൾ അക്രമാസക്തമായി പെരുമാറാൻ സാധ്യത കൂടുതലാണെന്നും പാർക്സ് കാനഡ വക്താക്കൾ വ്യക്തമാക്കി.

പാർക്കിൽ എപ്പോൾ വേണമെങ്കിലും വന്യജീവി സാന്നിധ്യം ഉണ്ടാകാമെന്നും അതിനാൽ സന്ദർശകർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കുറഞ്ഞത് നാലുപേരടങ്ങിയ ഗ്രൂപ്പുകളായി യാത്ര ചെയ്യുക, യാത്രയ്ക്കിടയിൽ ശബ്ദമുണ്ടാക്കുക, ബെയർ സ്പ്രേ കരുതുക, വന്യജീവികളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ അകലം പാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഏജൻസി ആവശ്യപ്പെട്ടു. ഈ മാസം ആദ്യം  ജാസ്പർ നാഷണൽ പാർക്കിൽ വെച്ച് മറ്റൊരു സഞ്ചാരിക്ക് ഗ്രിസ്‌ലി കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.