അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാനായി ചർച്ചകൾ ഊർജ്ജിതമാക്കി കാനഡ

By: 600110 On: Jul 25, 2026, 8:52 AM

 

അമേരിക്കൻ പ്രസിഡൻ്റ്  ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ പ്രഖ്യാപിച്ച 10 ശതമാനം തീരുവ നിലവിൽ വന്ന പശ്ചാത്തലത്തിൽ, വ്യാപാര തർക്കങ്ങൾ പരിഹരിക്കാനായി ചർച്ചകൾ ഊർജ്ജിതമാക്കി കാനഡ. ഓഗസ്റ്റ് 19-ഓടെ ധാരണയിലായില്ലെങ്കിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം വരെ തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിനെ നേരിടാൻ രാജ്യം സജ്ജമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ചാർലറ്റ് ടൗണിൽ പ്രവിശ്യാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി കാർണി നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുമായി കരാറിലെത്താനാണ് കാനഡ ശ്രമിക്കുന്നത്. എന്നാൽ തിരിച്ചടി നൽകേണ്ട സാഹചര്യം വന്നാൽ എല്ലാ വഴികളും മുന്നിലുണ്ടെന്നും, കരാറിന് മുൻപ് മുൻകൂട്ടി പ്രതികരിക്കുന്നത് തിരിച്ചടിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തേൻ, മദ്യം, സിമൻ്റ്, പാൽ ഉൽപ്പന്നങ്ങൾ, മര ഉരുപ്പടികൾ, ഹോക്കി സ്റ്റിക് എന്നിവ പുതിയ തീരുവയുടെ പരിധിയിൽ വരും. എന്നാൽ ഊർജ്ജ ഉൽപ്പന്നങ്ങൾ, പൊട്ടാഷ്, മത്സ്യം, നിർണായക ധാതുക്കൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഏകദേശം 28 ബില്യൺ കനേഡിയൻ ഡോളറിൻ്റെ (19.8 ബില്യൺ യു.എസ് ഡോളർ) കയറ്റുമതിയെ ഇത് നേരിട്ട് ബാധിക്കും. ഒൻ്റാരിയോ, ക്യുബെക്, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളെയാണ് ഇത് കൂടുതൽ ബാധിക്കുക. അമേരിക്കയുടെ ഈ നീക്കം ഒരു ചർച്ചാ തന്ത്രം മാത്രമാകാനാണ് സാധ്യതയെന്നും ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കാനഡ വ്യക്തമാക്കി. അതോടൊപ്പം തന്നെ കാനഡയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുമെന്നും പ്രവിശ്യാ നേതാക്കൾ ഒറ്റക്കെട്ടായി ട്രംപിന്റെ തീരുമാനത്തെ നേരിടുമെന്നും കനേഡിയൻ ഭരണകൂടം അറിയിച്ചു.