കഴിഞ്ഞ വാരാന്ത്യത്തിൽ വടക്കൻ എഡ്മൻ്റണിൽ പെയ്ത കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ശേഷം വഴിയരികിലെ സിമൻ്റ് നടപ്പാതയിൽ രൂപപ്പെട്ട വലിയൊരു കുഴി പ്രദേശവാസികളിൽ വലിയ കൗതുകവും ഭയവും സൃഷ്ടിച്ചിരിക്കുകയാണ്. കനത്ത ഇടിമിന്നലേറ്റാണ് നടപ്പാതയിൽ വലിയ അഗാധമായ കുഴിയുണ്ടായത്.
എഡ്മൻ്റണിലെ 129 ആവന്യൂവിലും 129 സ്ട്രീറ്റിലും ശനിയാഴ്ച രാത്രിയാണ് സംഭവം. ഭയപ്പെടുത്തുന്ന ശബ്ദത്തോടെ പെയ്ത മിന്നലിൽ പ്രദേശത്തെ വൈദ്യുതി ലൈൻ തകരുകയും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. മഴ മാറി പുറത്തിറങ്ങി നോക്കിയപ്പോഴാണ് സെയ്‌ഡ്‌വാക്കിൽ മിന്നലേറ്റുണ്ടായ വലിയ കുഴി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന കേടായ ഫയർ ഹൈഡ്രൻ്റ് നഗരസഭ ഉടൻ തന്നെ അറ്റകുറ്റപ്പണി നടത്തി ശരിയാക്കി.
നടപ്പാതയിലെ കുഴി ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാനായി തെളിച്ചമുള്ള പെയിൻ്റു കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂഗർഭ പരിശോധനകൾക്കായി സിറ്റി മെയിൻ്റനൻസ് ടീം പെർമിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. തകർന്ന നടപ്പാത പൂർണ്ണമായി നവീകരിക്കാൻ രണ്ടാഴ്ചയോളം സമയമെടുക്കും. എന്നാൽ മിന്നലേറ്റ ഭാഗം നശിപ്പിച്ചുകളയാതെ കൂടുതൽ പഠനങ്ങൾക്കായി അൽബെർട്ട സർവ്വകലാശാലയിലെ ഗവേഷകർക്ക് കൈമാറാനാണ് സിറ്റിയുടെ തീരുമാനം.
നിലവിൽ പ്രദേശവാസികൾക്കിടയിൽ ചർച്ചാവിഷയമായി മാറിയ ഈ 'മിന്നൽ കുഴി' കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. പ്രദേശത്തെ ലോക്കൽ റേഡിയോ അവതാരകയായ ലോറൻ ഹണ്ടർ ഈ സ്ഥലത്ത് പ്രത്യേക ഓർമ്മഫലകം വരെ സ്ഥാപിച്ചുകഴിഞ്ഞു. ഈ മാസം മാത്രം ഇടിമിന്നൽ മൂലം ഉണ്ടായ 11 തീപിടുത്ത സംഭവങ്ങളിൽ അഗ്നിശമന സേനയ്ക്ക് ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.