സന്തോഷം സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ പണം മുടക്കേണ്ടി വരുന്ന രാജ്യങ്ങളുടെ പട്ടികയിൽ കാനഡ 14-ാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഒരു ശരാശരി കനേഡിയന് സന്തോഷത്തോടെ ജീവിക്കാൻ പ്രതിവർഷം 1,55,850 കനേഡിയൻ ഡോളർ (ഏകദേശം 1,13,755 യു.എസ് ഡോളർ) വരുമാനം വേണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഫിനാൻഷ്യൽ സേവനദാതാക്കളായ 'റെമിറ്റ്‌ലി', പ്രമുഖ അമേരിക്കൻ സർവ്വകലാശാലയായ പർഡ്യൂ എന്നിവർ 018-ൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ രാജ്യത്തെയും പണപ്പെരുപ്പവും വാങ്ങൽ ശേഷിയും ഗാലപ്പിൻ്റെ ലൈഫ് ഇവാലുവേഷൻ ഇൻഡെക്സും വിലയിരുത്തിയാണ് സന്തോഷത്തിനുള്ള തുക കണക്കാക്കിയത്.
ഒരു പ്രത്യേക പരിധിക്ക് അപ്പുറത്തേക്ക് വരുമാനം കൂടിയതുകൊണ്ട് മാത്രം മനുഷ്യൻ്റെ സന്തോഷത്തിൽ മാറ്റമുണ്ടാകില്ല എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഐസ്‌ലൻഡിലാണ് സന്തോഷത്തിന് ഏറ്റവും ഉയർന്ന വില നൽകേണ്ടി വരുന്നത്—1,63,579 യു.എസ് ഡോളർ. ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, ന്യൂസിലൻഡ്, അമേരിക്ക എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കുറഞ്ഞ ചെലവിൽ സന്തോഷം കണ്ടെത്താനാകുന്ന രാജ്യം എത്യോപ്യയാണ് (10,176 യു.എസ് ഡോളർ).
കാനഡയ്ക്കുള്ളിൽ വിക്ടോറിയ, വാൻകൂവർ, ടൊറൻ്റോ എന്നീ നഗരങ്ങളിലാണ് സന്തോഷത്തിന് ഏറ്റവും ഉയർന്ന വില നൽകേണ്ടത് (1.67 ലക്ഷം മുതൽ 1.70 ലക്ഷം കനേഡിയൻ ഡോളർ വരെ). പഠനത്തിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ ശരാശരി വാർഷിക വരുമാനം കൊണ്ട് സന്തോഷത്തിനുള്ള ചെലവ് കണ്ടെത്താൻ കഴിയുന്ന ഒരേയൊരു രാജ്യം സ്ലോവേനിയയാണ്. അവിടെ സന്തോഷത്തിന് 36,769 യു.എസ് ഡോളർ ആവശ്യമുള്ളപ്പോൾ ശരാശരി വാർഷിക വരുമാനം 42,754 ഡോളറാണ്.
കാനഡയിൽ ഒരു വ്യക്തിയുടെ ശരാശരി വരുമാനം (50,500 യു.എസ് ഡോളർ) സന്തോഷം കൈവരിക്കാൻ ആവശ്യമായ തുകയുടെ 44.4 ശതമാനം മാത്രമാണ്. അതേസമയം, ഇക്വഡോർ പോലുള്ള രാജ്യങ്ങളിൽ സന്തോഷത്തിന്റെ വില താരതമ്യേന കുറവാണെങ്കിലും (19,700 യു.എസ് ഡോളർ), അവിടുത്തെ കുറഞ്ഞ ശരാശരി വരുമാനം കാരണം അത് നേടിയെടുക്കാൻ ഒരു വ്യക്തി മൂന്ന് വർഷത്തിലധികം അധ്വാനിക്കേണ്ടി വരുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.