അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ മുറുകുന്നതിനിടെ, ചരിത്രപ്രസിദ്ധമായ ഗോർഡി ഹോവ് അന്താരാഷ്ട്ര പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ച് കാനഡ. ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി വിൻഡ്‌സറിലായിരുന്നു ചടങ്ങ്. നിലവിലെ നയതന്ത്ര വിയോജിപ്പുകളെത്തുടർന്ന് യു.എസ് ഉദ്യോഗസ്ഥരാരും ചടങ്ങിൽ പങ്കെടുത്തില്ല.
കനേഡിയൻ ഐസ് ഹോക്കി ഇതിഹാസം ഗോർഡി ഹോവിൻ്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിൻ്റെ നാമകരണത്തിൽ നിർമ്മിച്ച ഈ പാലത്തിൻ്റെ ഉദ്ഘാടനത്തിൽ കുടുംബാംഗങ്ങളും പങ്കെടുത്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി കുട്ടികളുടെ ഹോക്കി മത്സരവും ചടങ്ങിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഗോർഡി ഹോവിൻ്റെ ഒൻപതാം നമ്പർ കനേഡിയൻ ജേഴ്‌സി അണിഞ്ഞാണ് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ചടങ്ങിലെത്തിയത്. കാനഡയുടെ പരമാധികാരവും കരുത്തും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. ഭാവിയിൽ ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത ആഘോഷം സംഘടിപ്പിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി വിൻഡ്‌സർ മേയർ ഡ്രൂ ഡിൽക്കൻസ് പറഞ്ഞു.
4.7 ശതകോടി ഡോളറാണ് പാലത്തിൻ്റെ നിർമ്മാണച്ചെലവ്. 2018-ൽ നിർമ്മാണം ആരംഭിച്ച പദ്ധതി വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. കാനഡയിലെ വിൻഡ്‌സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. വാഹനങ്ങൾക്കുള്ള ഗതാഗതം ജൂലൈ 27-നും, കാൽനട-സൈക്കിൾ യാത്രക്കാർക്കുള്ള പാത ഓഗസ്റ്റ് അഞ്ചിനും തുറന്നുകൊടുക്കും.
പഴയ അംബാസഡർ പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ തർക്കങ്ങൾക്കിടയിലും കാനഡയുടെ സാമ്പത്തിക രംഗത്തിന് വലിയ ഊർജ്ജം പകരുന്നതാണ് ഈ പദ്ധതി എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കയുടെ പങ്കാളിത്തമില്ലാതെ തന്നെ തങ്ങളുടെ ഈ നേട്ടം ആഘോഷമാക്കാൻ കാനഡ കാണിച്ച നിശ്ചയദാർഢ്യം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.