പോലീസ് ചേസിംഗിനിടെ ഹൈവേ മുറിച്ചുകടന്ന രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ വാഹനമിടിച്ച് മരിച്ചു

By: 600002 On: Jul 25, 2026, 8:37 AM


 

പി. പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിലുള്ള ഓള്‍ഡ് നേവി  വസ്ത്രവ്യാപാര ശാലയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച ശേഷം പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, ഹൈവേ മുറിച്ചുകടന്ന രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ വാഹനമിടിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

കടയിലെ മോഷണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികള്‍ സഞ്ചരിച്ചിരുന്ന ഷെവര്‍ലെ ടാഹോ (Chevrolet Tahoe) വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചേസിംഗിനൊടുവില്‍, ഇവരുടെ വാഹനം മറ്റൊരു കാറുമായി ചെറിയ അപകടത്തില്‍പ്പെട്ടു.

ഇതോടെ വാഹനത്തിലുണ്ടായിരുന്ന നാല് പെണ്‍കുട്ടികളും പുറത്തിറങ്ങി അടുത്തുള്ള ഹൈവേ 288 (Highway 288) ലേക്ക് ഓടിക്കയറുകയായിരുന്നു. ഇതില്‍ വടക്കന്‍ പാത വിജയകരമായി മുറിച്ചുകടന്നുവെങ്കിലും, തെക്കന്‍ പാതയിലേക്ക് പ്രവേശിച്ച രണ്ടുപേരെ വേഗത്തില്‍ വന്ന വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു.