കഞ്ചാവിന്റെ ഉല്പാദനവും ഉപഭോഗവും പൂര്‍ണ്ണമായും നിയമവിധേയമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ രാജ്യമായി മാറാനൊരുങ്ങുകയാണ് ലക്സംബര്‍ഗ്. കഞ്ചാവ് വളര്‍ത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കുകയാണെന്ന് വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രസ്താവനയിറക്കി.
പുതിയ നിയമപ്രകാരം ലക്സംബര്‍ഗിലെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കാനും വീടുകളില്‍ നാല് ചെടികള്‍ വരെ വളര്‍ത്താനും അനുവാദമുണ്ടായിരിക്കും. കഞ്ചാവിന്റെ വിത്ത് വ്യാപാരവും നടത്താം. പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി തുടരും.
പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഖ്യത്തിന്റെ പിന്തുണയുണ്ടെങ്കിലും പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് പാസാക്കണം. ആറ് ലക്ഷമാണ് ലക്സംബര്‍ഗിലെ ജനസംഖ്യ.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കരിഞ്ചന്തയും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് നീക്കത്തിന് പിന്നില്‍. പുതിയ നിയമത്തിലൂടെ നിലവില്‍ നിയമവിരുദ്ധമായ കഞ്ചാവ് വിപണി നിയന്ത്രിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
Content Highlights: Luxembourg all set to become the first country to legalise cannabis