എഡ്മണ്ടണിൽ ഇന്ത്യൻ വിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകൻ അറസ്റ്റിൽ. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സിൾവർബെറി മേഖലയിലെ വാടകവീട്ടിലെ ബേസ്മെന്റ് സ്യൂട്ടിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ദമൻപ്രീത് കൗർ (23) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കാമുകനായ റിതീഷ് കുമാർ (22) ആണ് അറസ്റ്റിലായത്.
ജൂലൈ ഒൻപതിനാണ് ഗുരുതരമായ നിലയിൽ ദമൻപ്രീതിനെ പോലീസും പാരാമെഡിക്കൽ സംഘവും കണ്ടെത്തുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ജൂലൈ 12-ന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. കഴുത്തു ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ വ്യക്തമായതായി എഡ്മണ്ടൺ പോലീസ് അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ റിതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സെക്കൻ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. സംഭവത്തിൽ മറ്റ് +9+ൊവ്യക്തികളാരും ഉൾപ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.