ക്യാബിൻ ക്രൂ അംഗങ്ങൾ പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, യാത്രക്കാർക്ക് ടിക്കറ്റുകളിൽ സൗജന്യമായി മാറ്റങ്ങൾ വരുത്താനും റദ്ദാക്കാനും അവസരം നൽകി കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റ്. ജൂലൈ 30-നും ഓഗസ്റ്റ് 4-നും ഇടയിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ഇളവ് പ്രയോജനപ്പെടുത്താം. ശമ്പള വർധനവും ജോലി സാഹചര്യങ്ങളും മുൻനിർത്തി വെസ്റ്റ്ജെറ്റിലെ 4,400-ഓളം വരുന്ന വിമാന ജീവനക്കാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ട് മുതൽ ജീവനക്കാർക്ക് നിയമപരമായി സമരം ആരംഭിക്കാൻ സാധിക്കും. ഇത് ഓഗസ്റ്റിലെ നീണ്ട അവധിക്കാലത്തെ യാത്രകളെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് ഇത്തരമൊരു തീരുമാനം.
എന്നാൽ, സമരം ഒഴിവാക്കി ജീവനക്കാരുമായി ഒത്തുതീർപ്പിലെത്താൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ അനിശ്ചിതത്വം ഒഴിവാക്കാനാണ് ഇളവുകൾ നൽകിയതെന്നും വെസ്റ്റ്ജെറ്റ് വ്യക്തമാക്കി. വിമാനക്കമ്പനിയുടെ ഈ നടപടിയെ ജീവനക്കാരുടെ യൂണിയൻ സ്വാഗതം ചെയ്തു. വെസ്റ്റ്ജെറ്റിൻ്റെ ഈ തീരുമാനംപണിമുടക്ക് ഉറപ്പായും സംഭവിക്കുമെന്നതിൻ്റെ സൂചനയല്ലെന്നും, മറിച്ച് ഉത്തരവാദിത്തമുള്ള ഏതൊരു സ്ഥാപനവും ചെയ്യുന്ന കാര്യമാണിതെന്നും സംഘടനാ ആലിയ ഹുസൈൻ കൂട്ടിച്ചേർത്തു. ചർച്ചകൾ തുടരുകയാണെന്നും ഒത്തുതീർപ്പിലെത്താൻ ഇരു വിഭാഗവും പ്രതിജ്ഞാബദ്ധമാണെന്നും ആലിയ ഹുസൈൻ കൂട്ടിച്ചേർത്തു.
2024 വേനൽക്കാലത്താണ് വെസ്റ്റ്ജെറ്റിൽ ഇതിനുമുമ്പ് വലിയൊരു തൊഴിൽ തർക്കമുണ്ടായത്. അന്ന് പതിനായിരക്കണക്കിന് യാത്രക്കാരെയാണ് ഇത് ബാധിച്ചത്.