ബ്രിട്ടീഷ് കൊളംബിയയിൽ ലെസൻസില്ലാതെ അമിതവേഗതയിൽ കാറോടിച്ച യുവാവ് പിടിയിൽ

By: 600110 On: Jul 24, 2026, 1:50 PM

 



ബ്രിട്ടീഷ് കൊളംബിയയിൽ ലെസൻസില്ലാതെ അമിതവേഗതയിൽ കാറോടിച്ച യുവാവ് പിടിയിൽമണിക്കൂറിൽ 80 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള റോഡിലൂടെ 230 കിലോമീറ്റർ വേഗതയിൽ കാറോടിച്ച ആൽബർട്ട സ്വദേശിയായ ഇരുപതുകാരനാണ് പിടിയിലായത്. ബ്രിട്ടീഷ് കൊളംബിയയിലെ ഹൈവേ 93/95-ൽ ഫെയർമോണ്ട് ഹോട്ട് സ്പ്രിംഗ്സിന് സമീപമാണ് അമിതവേഗതയിലെത്തിയ ഔഡി കാർ പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

റോഡിലെ സുരക്ഷ കണക്കിലെടുത്ത് കാറിനെ പിന്തുടർന്നെങ്കിലും ഉടൻ തന്നെ തടഞ്ഞുനിർത്താൻ പോലീസിന് സാധിച്ചില്ല. തുടർന്ന് കാർ പോയ വഴിയിലൂടെ നടത്തിയ അന്വേഷണത്തലാണ് വാഹനം സമീപത്തെ ക്യാമ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവ് മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി.

ഡ്രൈവിംഗ് ലെയ്സൻസ് ഇല്ലാതെ വാഹനമോടിച്ചതിനും അമിതവേഗതയ്ക്കും യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഔഡി കാർ ഏഴ് ദിവസത്തേക്ക് പോലീസ് പിടിച്ചെടുത്തു.  959 കനേഡിയൻ ഡോളർ പിഴ കൂടാതെ വാഹനം മാറ്റുന്നതിനുള്ള ടോവിംഗ്, ഇംപൗണ്ടിംഗ് ചാർജുകളും യുവാവ് അടയ്ക്കണം. തുടർനടപടികൾക്കായി കേസ് ആൽബർട്ട് ഡ്രൈവിംഗ് റിവ്യൂ ബോർഡിന് കൈമാറി.