കാനഡയിൽ തദ്ദേശീയരായ യുവാക്കൾക്കിടയിൽ തൊഴില്ലായ്മ വർദ്ധിക്കുമ്പോഴും, ചെറുകിട വ്യവസായ മേഖലകളിലെ കഠിനമായ തൊഴിലുകൾ ഏറ്റെടുക്കാൻ അവർ സന്നദ്ധരല്ലെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) നടത്തിയ സർവേ വ്യക്തമാക്കുന്നു. താൽക്കാലിക വിദേശത്തൊഴിലാളികൾ പ്രധാനമായും ചെയ്യുന്ന ഷിഫ്റ്റുകൾ മാറിയുള്ള ജോലി, കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള പണികൾ, വിദൂര ഗ്രാമീണ മേഖലകളിലെ തൊഴിലുകൾ എന്നിവയോട് യുവാക്കൾ വിമുഖത കാണിക്കുകയാണ്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന പത്തിൽ ഒൻപത് ചെറുകിട സ്ഥാപനങ്ങൾക്കും ഇത്തരം തസ്തികകളിലേക്ക് പ്രാദേശിക ജീവനക്കാരെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് പഠനം പറയുന്നു.
രാജ്യത്തെ വിദേശ തൊഴിലാളികളിൽ 32 ശതമാനത്തോളം പേരും സങ്കീർണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് കൃഷി, വിളവെടുപ്പ് മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേ ഹരിതഗൃഹ നിർമ്മാണം, ഭക്ഷ്യ സംസ്കരണ മേഖലയിലെ ലൈവ്‌സ്റ്റോക്ക്, ഹോട്ടൽ കിച്ചൻ ഷിഫ്റ്റുകൾ തുടങ്ങിയ തൊഴിലുകളിലും വിദേശീയരാണ് ഭൂരിപക്ഷം. കുറഞ്ഞ വേതനം നൽകുന്നതോ തുറസ്സായ സ്ഥലങ്ങളിൽ ചെയ്യേണ്ടതോ ആയ ജോലികളോട് മിക്ക യുവാക്കൾക്കും താല്പര്യമില്ല. സർവേയിൽ പങ്കെടുത്ത യുവാക്കളിൽ കേവലം എട്ട് ശതമാനം പേർ മാത്രമാണ് തൊഴിലിനായി ഗ്രാമീണ മേഖലകളിലേക്ക് താമസം മാറാൻ തയ്യാറുള്ളവർ. വിദൂര പ്രദേശങ്ങളിലേക്ക് പോകാൻ സന്നദ്ധരായവർ വെറും മൂന്ന് ശതമാനമാണ്.
യുവാക്കളുടെ തൊഴില്ലായ്മ പരിഹരിക്കാനെന്ന പേരിൽ വിദേശത്തൊഴിലാളി പ്രോഗ്രാമുകളിൽ സർക്കാർ ഏർപ്പെടുത്തുന്ന വെട്ടിച്ചുരുക്കലുകൾ യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് സി.എഫ്.ഐ.ബി പ്രസിഡൻ്റ് ഡാൻ കെല്ലി ചൂണ്ടിക്കാട്ടി. തദ്ദേശീയരായ യുവാക്കൾക്ക് താല്പര്യമില്ലാത്ത തസ്തികകളിൽ ആളില്ലാതെ വരുന്നത് ചെറുകിട സ്ഥാപനങ്ങളുടെ പ്രവർത്തനം തന്നെ നിലയ്ക്കാൻ കാരണമാകും. സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്ന അവസ്ഥയുണ്ടായാൽ അത് അവിടെ ജോലി ചെയ്യുന്ന പ്രാദേശിക ഉദ്യോഗസ്ഥരെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നും, അതിനാൽ വിദേശ തൊഴിലാളി നയങ്ങളിൽ തൊഴിൽ മേഖലയുടെ യാഥാർത്ഥ്യം മുൻനിർത്തിയുള്ള ഇളവുകൾ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.