സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ബഹിരാകാശ മേഖലയിൽ നാഴികക്കല്ലുകൾ സൃഷ്ടിക്കുമ്പോഴും, രോഗികൾക്ക് അത്യാധുനിക മരുന്നുകൾ ലഭ്യമാക്കുന്നതിൽ കാനഡ നേരിടുന്നത് കടുത്ത കാലതാമസമെന്ന് റിപ്പോർട്ട്. നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിലൂടെ കനേഡിയൻ ബഹിരാകാശയാത്രികൻ ചന്ദ്രനെ വലംവെച്ച് തിരിച്ചെത്തിയതിനേക്കാൾ കൂടുതൽ സമയമാണ് രാജ്യത്ത് ഒരു പുതിയ കാൻസർ പ്രതിരോധ മരുന്ന് രോഗികളിലേക്ക് എത്താൻ എടുക്കുന്നതെന്ന് പ്രമുഖ ശാസ്ത്രജ്ഞയും 'ഇന്നൊവേറ്റീവ് മെഡിസിൻസ് കാനഡ' അധ്യക്ഷയുമായ ഡോ. ബെറ്റിന ഹമേലിൻ പറയുന്നു. ഹെൽത്ത് കാനഡയുടെ ഔദ്യോഗിക സുരക്ഷാ അംഗീകാരം ലഭിച്ച ശേഷവും സങ്കീർണ്ണമായ വില നിർണ്ണയ നടപടികൾ കാരണം മരുന്നുകൾ വിപണിയിലെത്താൻ കനേഡിയൻ പൗരന്മാർക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ അധികമായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ഒരു പുതിയ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനായി 10 മുതൽ 15 വർഷത്തെ ഗവേഷണവും ഏകദേശം 360 കോടി കനേഡിയൻ ഡോളറിലധികം ഭീമമായ തുകയും ചിലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാൽ രാജ്യത്ത് ഹെൽത്ത് കാനഡയുടെ അനുമതിക്ക് ശേഷം നടക്കുന്ന സങ്കീർണ്ണമായ സാമ്പത്തിക മൂല്യനിർണ്ണയങ്ങളും, വിവിധ പ്രവിശ്യകളുടെ പ്രത്യേക മുൻഗണനകളും വിലപേശലുകളും കാരണം പുതിയ മരുന്നുകളുടെ വിതരണം വീണ്ടും അനിശ്ചിതത്വത്തിലാകുന്നുണ്ട്. ആഗോളതലത്തിൽ ലഭ്യമാകുന്ന നൂതന ഔഷധങ്ങളുടെ 18 ശതമാനം മാത്രമാണ് നിലവിൽ കാനഡയിലെ പൊതുജനാരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ജി 7 രാഷ്ട്രങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കാണെന്നിരിക്കെ, മറ്റു ഒ.ഇ.സി.ഡി വികസിത രാജ്യങ്ങളിലെ ശരാശരി 28 ശതമാനമാണ്.
അനാവശ്യമായ റെഡ് ടേപ്പിസവും കർശനമായ നിബന്ധനകളും കാരണം പുതിയ ചികിത്സാരീതികൾ വൈകുന്നത് മൂലം ജീവൻ രക്ഷിക്കാൻ കനേഡിയൻ പൗരന്മാർ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന 'മെഡിക്കൽ ടൂറിസം' വർദ്ധിച്ചുവരികയാണ്. പ്രവിശ്യാ മേധാവികളുടെ വാർഷിക ഉച്ചകോടി നടക്കാനിരിക്കെ, മരുന്ന് വിതരണത്തിലെ അനാവശ്യ തടസ്സങ്ങൾ നീക്കാനും നിയന്ത്രണങ്ങൾ കാലാനുസൃതമായി ആധുനികവത്കരിക്കാനും ഫെഡറൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നു. ശാസ്ത്രീയ ഗവേഷണ രംഗത്തെ കാനഡയുടെ മികവ് ജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ പ്രതിഫലിക്കണമെങ്കിൽ അടിയന്തര നയപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം.