ചാറ്റ് ജിപിടിയുടെ മെഡിക്കൽ നിർദ്ദേശം ജീവന് ഭീഷണിയായെന്ന് ആരോപണം: ഓപ്പൺ എഐയ്‌ക്കെതിരെ നിയമനടപടിയുമായി അമേരിക്കൻ വോക്കൽ കോച്ച്

By: 600110 On: Jul 24, 2026, 1:35 PM

 

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി  നൽകിയ അശാസ്ത്രീയമായ വൈദ്യോപദേശങ്ങൾ വിശ്വസിച്ച് അടിയന്തര വൈദ്യസഹായം വൈകിയതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി ആരോപണം. ഫ്ലോറിഡ സ്വദേശിയായ സംഗീത അധ്യാപകനും വോക്കൽ കോച്ചുമായ സ്കോട്ട് വിൻ്റേഴ്സ് ആണ് ഓപ്പൺ എഐയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിക്കും സിഇഒ സാം ആൾട്ട്മാനുമെതിരെ സാൻഫ്രാൻസിസ്കോ സുപ്പീരിയർ കോടതിയെ സമീപിച്ചിരിക്കുകയാണ് വിൻ്റേഴ്‌സ്.

എഐ ചാറ്റ്‌ബോട്ടിൻ്റെ തെറ്റായ നിർദ്ദേശങ്ങൾ മൂലം ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന 'പൾമണറി എംബോളിസം' ബാധിച്ച് താൻ വെൻ്റിലേറ്റർ പരിചരണത്തിലായെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. തനിക്ക് അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളും രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങളും അടിയന്തര പ്രാധാന്യമുള്ളതല്ലെന്നും, ആശുപത്രിയിൽ പോകുന്നതിന് പകരം വിശ്രമിച്ചാൽ മതിയെന്നും ചാറ്റ്ജിപിടി തെറ്റിദ്ധരിപ്പിച്ചതായി പരാതിക്കാരൻ ആരോപിക്കുന്നു. മെഡിക്കൽ വിദഗ്ധരെ കാണാൻ ബന്ധുക്കൾ നിർബന്ധിച്ചപ്പോഴും, "ദൈവം നിങ്ങളുടെ ശരീരത്തെ ഇത്ര പെട്ടെന്ന് തകരാൻ വിധത്തിൽ അല്ല  നിർമ്മിച്ചത്" എന്നടക്കമുള്ള മാനസിക പിന്തുണ നൽകി ചാറ്റ്‌ബോട്ട് തന്നെ തെറ്റായ ഒരു സുരക്ഷിതത്വ ബോധത്തിലേക്ക് നയിക്കുകയായിരുന്നു എന്ന് ഇദ്ദേഹം ആരോപിച്ചു. തുടർന്ന് ദിവസങ്ങളോളം തുടർച്ചയായി കസേരയിൽ വിശ്രമിക്കാൻ ലഭിച്ച നിർദ്ദേശമാണ് കാലുകളിൽ രക്തം കട്ടപിടിക്കാനും പിന്നീട് അത് ശ്വാസകോശത്തിലേക്ക് വ്യാപിക്കാനും ഇടയാക്കിയതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ചാറ്റ്ജിപിടിയുടെ ആരോഗ്യ അനുബന്ധ സേവനങ്ങൾ സ്വതന്ത്ര വിദഗ്ധർ പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ തടയണമെന്നും കൃത്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ, പ്രൊഫഷണൽ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ ചാറ്റ്ജിപിടി പകരമല്ലെന്ന് സേവന നിബന്ധനകളിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് ഓപ്പൺഎഐ വക്താവ് ഡ്രൂ പുസാറ്റേരി വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ നൽകുന്ന വൈദ്യോപദേശങ്ങളുടെ ഉത്തരവാദിത്തത്തെയും ഉപഭോക്തൃ സുരക്ഷയെയും സംബന്ധിച്ച് ആഗോളതലത്തിൽ പുതിയ നിയമപ്രതിസന്ധികൾക്ക് വഴിതുറക്കുന്നതാണ് ഈ കേസ്.