കാൽഗറി നഗരസഭാ അഴിമതിക്കേസ്: മുൻ മേയർ ജ്യോതി ഗോണ്ടെക്കിൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവ്

By: 600110 On: Jul 24, 2026, 1:28 PM

 

 കാൽഗറി നഗരസഭ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതി അന്വേഷണത്തിൻ്റെ ഭാഗമായി മുൻ മേയർ ജ്യോതി ഗോണ്ടെക്ക് ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ കനേഡിയൻ കോടതി അനുമതി നൽകി. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജ്യോതി ഗോണ്ടെക്ക്, മുൻ സിറ്റി കൗൺസിലർ ഷോൺ ചു എന്നിവരുടെ അഭിഭാഷകർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പുതിയ വിധിയുടെ അടിസ്ഥാനത്തിൽ 2027 മാർച്ച് 17 വരെ ഈ ഡിജിറ്റൽ ഉപകരണങ്ങൾ തുടരന്വേഷണത്തിനായി ആൽബർട്ട  പോലീസിന് കൈവശം വയ്ക്കാം.

ഒരു ടൗൺഹൗസ് നിർമ്മാണ പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നതിനായി നഗരസഭാ ചട്ടങ്ങളിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിലും, അതിന് പകരമായി നിയമവിരുദ്ധമായി പ്രചാരണ ഫണ്ട് കൈപ്പറ്റിയെന്ന കേസിലുമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ സങ്കീർണ്ണമായ പാസ്‌വേഡുകൾ ഉപയോഗിച്ച് പൂട്ടിയിരിക്കുന്ന ഈ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഫോറൻസിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പൂർണ്ണമായി വിവരങ്ങൾ വീണ്ടെടുക്കാൻ ഡിജിറ്റൽ ഫോറൻസിക് വിദഗ്ധർക്ക് സാധിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ കൂടുതൽ അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാകുന്ന മുറയ്ക്ക് ഉപകരണങ്ങളിലെ വിവരങ്ങൾ ഡീകോഡ് ചെയ്ത് നിർണ്ണായക തെളിവുകൾ ശേഖരിക്കാനാകുമെന്ന പോലീസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിൽ കൃത്യമായ തെളിവ് ശേഖരണത്തിന് ഈ ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. കനേഡിയൻ നിയമവ്യവസ്ഥ പ്രകാരം അന്വേഷണ ഏജൻസികൾക്ക് ഉപകരണങ്ങളുടെ പാസ്‌വേഡുകൾ സ്വമേധയാ കൈമാറാൻ കുറ്റാരോപിതർക്ക് നിയമപരമായ ബാധ്യതയില്ല. ഇതിനാലാണ് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ വിവരങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമിക്കുന്നത്. അതേസമയം, ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളൊന്നും ഇതുവരെ കോടതിയിൽ ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും, കേസിൽ നിലവിൽ ആർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും  അധികൃതർ വ്യക്തമാക്കി.