ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷന് ഇനി ആറു നാള്‍ മാത്രം; വി.ടി. ബല്‍റാം എംഎല്‍എയും മുന്‍മന്ത്രി കെ.കെ. ശൈലജയും വിശിഷ്ടാതിഥികള്‍; വെള്ളിയാഴ്ച ഓണസദ്യ

By: 600002 On: Jul 24, 2026, 9:25 AM


 

ജീമോന്‍ റാന്നി
(കണ്‍വെന്‍ഷന്‍ മീഡിയ കോ-ചെയര്‍)

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ (FOMAA) സംഘടിപ്പിക്കുന്ന 2026-ലെ ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ ടെക്‌സാസിലെ ഹൂസ്റ്റണില്‍ നടക്കും. അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ പൂര്‍ത്തിയാക്കുന്നത്.

തൃത്താല എംഎല്‍എ വി.ടി. ബല്‍റാമും കേരളത്തിന്റെ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും  വിശിഷ്ഠാതിഥികളായി കണ്‍വെന്‍ഷനില്‍ മുഴുവന്‍ സമയവും പങ്കെടുക്കും.

അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെ ഫോമാ കണ്‍വെന്‍ഷന്‍ ശ്രദ്ധേയമാകുകയാണ്. 23 വിഭവങ്ങളും 3 തരം പായസം കൂട്ടി  വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ജൂലൈ 31-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുക്കും.

സാംസ്‌കാരിക പരിപാടികള്‍, ജനറല്‍ ബോഡി യോഗം, കുടുംബസംഗമം, മെഡിക്കല്‍ ഫെയര്‍, വനിതാ-യുവജന സമ്മേളനങ്ങള്‍, ബിസിനസ് മീറ്റ്, സാഹിത്യസമ്മേളനം, ഫോമാ ക്രോസ് ഫയര്‍ ടോക്ക് ഷോ, ലീഡര്‍ഷിപ്പ് മീറ്റ്, കായിക മത്സരങ്ങള്‍, ഫാഷന്‍ ഷോ, സംഗീത-നൃത്ത പരിപാടികള്‍, മിസ്റ്റര്‍ ഫോമാ, മിസ് ഫോമാ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജൂലൈ 30-ന് വ്യാഴാഴ്ച രജിസ്‌ട്രേഷനും സ്വീകരണ ചടങ്ങുകളും ആരംഭിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ചെണ്ടമേളം, ഫോമാ ദേശീയ നേതൃത്വത്തിന്റെ ഘോഷയാത്ര, വിവിധ റീജിയനുകളുടെയും അംഗസംഘടനകളുടെയും പ്രതിനിധികളുടെ പരേഡ്, സാംസ്‌കാരിക സംഘങ്ങളുടെ അണിനിരത്തല്‍ എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രധാന ഹാളില്‍ ചെണ്ടമേളവും മെഗാ തിരുവാതിരയും അരങ്ങേറും.

ജൂലൈ 31-ന് രാവിലെ നാഷണല്‍ കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടക്കും. അന്നേദിവസം നടക്കുന്ന ചീട്ടുകളി മത്സരവും കണ്‍വെന്‍ഷനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ പേര്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി നാഷണല്‍ കമ്മിറ്റി ഡേ പാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഡേ പാസ്  100 ഡോളര്‍
വെള്ളിയാഴ്ച ഡേ പാസ്  100 ഡോളര്‍
ശനിയാഴ്ച ഡേ പാസ്  150 ഡോളര്‍
സ്റ്റാന്‍ഡേര്‍ഡ് വീക്കന്‍ഡ് പാസ് (മൂന്ന് ദിവസം)  300 ഡോളര്‍
വി.ഐ.പി. വീക്കന്‍ഡ് പാസ് (മൂന്ന് ദിവസം)  500 ഡോളര്‍
ഡേ പാസ് വാങ്ങുന്നവര്‍ക്ക് Zelle വഴി പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. Zelle നമ്പര്‍: 713-291-9721.

വിവിധ സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍, പ്രമുഖ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുള്ള ടോക്ക് ഷോകള്‍, കലാപരിപാടികള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക മത്സരങ്ങള്‍ എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. ജൂലൈ 31-നും ഓഗസ്റ്റ് 1-നും പ്രധാന സമ്മേളനങ്ങളും ആഘോഷപരിപാടികളും അരങ്ങേറും.

ഹൂസ്റ്റണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ നാസാ സ്‌പേസ് സെന്റര്‍, ഗാല്‍വെസ്റ്റണ്‍, സാന്‍ ആന്റോണിയോ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ടൂര്‍ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം പങ്കെടുക്കുന്നവര്‍ക്ക് വിനോദവും വിജ്ഞാനവും ഒരുപോലെ പകരുന്ന അനുഭവമാകുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

കണ്‍വെന്‍ഷന്റെ വിജയത്തിനായി സ്വീകരണം, രജിസ്‌ട്രേഷന്‍, ആതിഥേയത്വം, സാംസ്‌കാരിക പരിപാടികള്‍, സ്‌പോണ്‍സര്‍ഷിപ്പ്, മീഡിയ, ഭക്ഷണ ക്രമീകരണം, സുരക്ഷ, യുവജന-വനിതാ പ്രവര്‍ത്തനങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യേക കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡണ്ട് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി. ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയും ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും ഒരുക്കങ്ങള്‍ ദിവസേന വിലയിരുത്തിവരികയാണ്. 

അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളി കുടുംബങ്ങളെ കണ്‍വെന്‍ഷനിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍, ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര, ഷാജി എഡ്വേര്‍ഡ്, സതേണ്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ബിജു ലോസണ്‍, റീജിയന്‍ ചെയര്‍മാന്‍ വര്‍ഗീസ് രാജേഷ് മാത്യു,നാഷണല്‍ കമ്മിറ്റി അംഗം രാജന്‍ യോഹന്നാന്‍ മറ്റ് ദേശീയ റീജിയന്‍ ഭാരവാഹികളും കണ്‍വെന്‍ഷന്‍ നേതാക്കളും സംഘടനാ നേതാക്കളുമായ സൈമണ്‍ വളാച്ചേരില്‍, ജോയ് എന്‍. ശാമുവേല്‍, തോമസ് ഒലിയാംകുന്നേല്‍, റോയ് മാത്യു,  സാം ജോസഫ്, അനില്‍ ആറന്മുള, ഡോ. റെയ്ന റോക്ക്, പൊടിയാമ്മ പിള്ള,  ആന്‍സി ശാമുവേല്‍, എസ്. കെ. ചെറിയാന്‍,  മിഖായേല്‍ ജോയ് (മിക്കി), തോമസ് ജോര്‍ജ് (സഞ്ജു), സാജന്‍ ജോണ്‍, ജോണ്‍ ഉമ്മന്‍ (പ്രസാദ്), ക്രിസ്റ്റഫര്‍ ജോര്‍ജ്, ശശി പിള്ള, ഡെന്നിസ് മാത്യു, ഇന്നസെന്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ദിവസേന അവലോകന യോഗങ്ങള്‍ നടത്തിവരികയാണ്.

അടുത്ത പൊതു അവലോകന യോഗം ജൂലൈ 26-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഫോമാ ദേശീയ കണ്‍വെന്‍ഷന്‍ മികച്ച വേദിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിരവധി പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്മാരും വിശിഷ്ടാതിഥികളും ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.