പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള പ്രമേയം യു.എസ്. സെനറ്റ് തള്ളി. പ്രമേയത്തിന് അനുകൂലമായി 47-ഉം എതിരായി 49-ഉം വോട്ടുകളാണ് ലഭിച്ചത്.
നേരത്തെ, ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ പരിമിതപ്പെടുത്തണമെന്ന സമാനമായ പ്രമേയം യു.എസ്. പ്രതിനിധി സഭ പാസാക്കിയിരുന്നു. എന്നാല്‍ സെനറ്റില്‍ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രമേയത്തെ ചെറുത്തുതോല്‍പ്പിച്ചു. പാര്‍ലമെന്റിന്റെ മുന്‍കൂട്ടി അനുമതിയില്ലാതെ ഇറാനിലെ സൈനിക നീക്കങ്ങള്‍ തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകള്‍ പ്രമേയം കൊണ്ടുവന്നത്.
മേഖലയില്‍ യുദ്ധം രൂക്ഷമാകുകയും യു.എസ്. സൈനികര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.