ഇന്ധനവിലവര്‍ദ്ധനവും സാമ്പത്തിക പ്രതിസന്ധിയും: സ്പിരിറ്റ് എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ മൗണ്ടനും സര്‍വീസ് അവസാനിപ്പിച്ചു

By: 600002 On: Jul 24, 2026, 8:57 AM


 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്/സൂറിച്: ആഗോളതലത്തില്‍ ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ദ്ധനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കാരണം പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പാപ്പരത്തത്തിലേക്ക് . അമേരിക്കയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ് മെയ് മാസം മുതല്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായി അവസാനിപ്പിച്ചതിന് പിന്നാലെ, സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ ചാര്‍ട്ടര്‍ വിമാനക്കമ്പനിയായ എയര്‍ മൗണ്ടനും പൂട്ടി.

മധ്യപൂര്‍വേഷ്യയിലുണ്ടായ യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ വിമാന ഇന്ധന വിലയിലുണ്ടായ വന്‍ വര്‍ദ്ധനവാണ് വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. ബാരലിന് 85 ഡോളറോളമായിരുന്ന ഇന്ധനവില ചുരുങ്ങിയ സമയത്തിനുള്ളില്‍ 150 മുതല്‍ 200 ഡോളര്‍ വരെയായി ഉയര്‍ന്നു. ഇത് ചെറിയ ലാഭവിഹിതത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുറഞ്ഞ നിരക്കിലുള്ള (Low-cost) വിമാനക്കമ്പനികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

വര്‍ഷങ്ങളായി സാമ്പത്തിക നഷ്ടത്തിലായിരുന്ന സ്പിരിറ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ ആയിരക്കണക്കിന് യാത്രാ സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്‌സ് മേഖലയിലേക്ക് സമ്പന്നരായ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തിയിരുന്ന എയര്‍ മൗണ്ടന്റെ ലൈസന്‍സും അധികൃതര്‍ റദ്ദാക്കി. മെക്‌സിക്കന്‍ കമ്പനിയായ മാഗ്‌നിചാര്‍ട്ടേഴ്‌സ് (Magnicharters), ബ്രിട്ടനിലെ യൂറോപ്യന്‍ കാര്‍ഗോ (European Cargo) തുടങ്ങിയ മറ്റ് പ്രമുഖ കമ്പനികളും പാപ്പരത്ത ഭീഷണി നേരിടുകയാണ്.

വിമാനക്കമ്പനികള്‍ കൂട്ടത്തോടെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ ലോകമെമ്പാടും വിമാനക്കൂട്ടക്കട്ടണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.