പ്രസാദ് തീയാടിക്കല്‍
വാഷിങ്ടണ്‍: സാല്‍മൊണല്ല എന്റിറിറ്റിഡിസ് (Salmonella Enteritidis) ബാക്ടീരിയയുടെ മലിനീകരണ സാധ്യതയെ തുടര്‍ന്ന് ടെക്‌സസില്‍ ഉല്‍പാദിപ്പിച്ച ഏകദേശം 15.9 ലക്ഷം ഡസന്‍ (1,589,577 dozen) മുട്ടകള്‍ സ്വമേധയാ പിന്‍വലിക്കുന്നതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) അറിയിച്ചു.
Midwest Poultry Services, L.P. എന്ന കമ്പനിയാണ് ജൂണ്‍ 6 മുതല്‍ ജൂലൈ 3 വരെ ടെക്‌സസിലെ രണ്ട് ഫാമുകളില്‍ ഉല്‍പാദിപ്പിച്ച വെള്ളയും ബ്രൗണ്‍ കേജ്-ഫ്രീയുമായ മുട്ടകളാണ് തിരിച്ചുവിളിക്കുന്നത്. ഈ മുട്ടകള്‍ ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 17 വരെയുള്ള Sell By അല്ലെങ്കില്‍ Best By തീയതികളോടെയാണ് വിപണിയിലെത്തിയത്.
Kroger, Simple Truth Cage Free, Brookshire's, Country Morning, Sunups എന്നീ ബ്രാന്‍ഡ് പേരുകളിലാണ് മുട്ടകള്‍ വിപണിയില്‍ ലഭ്യമായിരുന്നത്. ടെക്‌സസ്, ലൂസിയാന, ഒക്ലഹോമ, അര്‍ക്കന്‍സാസ്, ന്യൂ മെക്‌സിക്കോ, മിസിസിപ്പി എന്നിവിടങ്ങളിലെ ക്രോഗര്‍, ബ്രൂക്ഷയര്‍സ് ഉള്‍പ്പെടെയുള്ള സ്റ്റോറുകളിലേക്കാണ് വിതരണം ചെയ്തിരുന്നത്.
ഫാമുകളില്‍ നടത്തിയ പരിസ്ഥിതി പരിശോധനയിലൂടെയാണ് മലിനീകരണ സാധ്യത കണ്ടെത്തിയതെന്ന് കമ്പനി അറിയിച്ചു. മുന്‍കരുതല്‍ നടപടിയായി ബന്ധപ്പെട്ട ഫാമുകളില്‍ നിന്നുള്ള പുതിയ മുട്ടകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതുവരെ ഈ മുട്ടകളുമായി ബന്ധപ്പെട്ട രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാര്‍ട്ടണിന്റെ വശത്ത് അച്ചടിച്ചിരിക്കുന്ന P-1950 അല്ലെങ്കില്‍ 0840962 എന്ന പ്ലാന്റ് കോഡും Julian Date 157 മുതല്‍ 184 വരെയും ഉള്ള മുട്ടകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
സാല്‍മൊണല്ല അണുബാധ പനി, വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. ചെറിയ കുട്ടികള്‍, വയോജനങ്ങള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ഇത്തരം മുട്ടകള്‍ ഉപയോഗിക്കാതെ വാങ്ങിയ സ്റ്റോറില്‍ തിരികെ നല്‍കി പൂര്‍ണമായ തുക തിരിച്ചുവാങ്ങണമെന്ന് FDA നിര്‍ദേശിച്ചു.