ഡോ. രക്ഷ ജെയ്ന്‍ യു ടി സൗത്ത് വെസ്റ്റേണ്‍, ശാസ്ത്രീയ ഗവേഷണ മികവിന് അംഗീകാരം

By: 600002 On: Jul 24, 2026, 8:04 AM



 

പ്രസാദ് തീയാടിക്കല്‍  

ഡാലസ്: ശ്വാസകോശ രോഗ ചികിത്സയിലും ഗവേഷണ രംഗത്തും ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ പ്രമുഖ ഡോക്ടറായ ഡോ. രക്ഷ ജെയ്ന്‍ (Raksha Jain, M.D., M.S.C.I.)നെ യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ''വില്ലിസ് സി. മാഡ്രേ, എം.ഡി. ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസര്‍ഷിപ്പ് ഇന്‍ ക്ലിനിക്കല്‍ സയന്‍സ്'' പദവിയിലേക്ക് നിയമിച്ചു. 

ശാസ്ത്രീയ ഗവേഷണം, മികച്ച രോഗപരിചരണം, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും യുവഡോക്ടര്‍മാര്‍ക്കും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി.
ഡാലസില്‍ ജനിച്ചു വളര്‍ന്ന ഡോ. രക്ഷ ജെയ്ന്‍ നിലവില്‍ യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസറായും അഡള്‍ട്ട് സിസ്റ്റിക് ഫൈബ്രോസിസ് പ്രോഗ്രാമിന്റെ മെഡിക്കല്‍ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. കൂടാതെ Dedman Family Scholar in Clinical Care എന്ന ബഹുമതിയും അവര്‍ വഹിക്കുന്നു.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (MIT) നിന്ന് മോളിക്യുലര്‍ ബയോളജിയില്‍ ബിരുദം നേടിയ അവര്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍, ഹൂസ്റ്റണില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി. തുടര്‍ന്ന് UT Southwestern-ല്‍ ഇന്റേണല്‍ മെഡിസിന്‍ റെസിഡന്‍സി പൂര്‍ത്തിയാക്കി ചീഫ് റെസിഡന്റായും സേവനമനുഷ്ഠിച്ചു. പിന്നീട് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി, സെന്റ് ലൂയിസില്‍ നിന്ന് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ ഫെല്ലോഷിപ്പും Clinical Investigationല്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടി.

സിസ്റ്റിക് ഫൈബ്രോസിസിനുള്ള പുതിയ ചികിത്സാരീതികള്‍, ദീര്‍ഘകാല ശ്വാസനാള രോഗങ്ങള്‍, സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലാണ് ഡോ. ജയിന്റ് പ്രധാന ശ്രദ്ധ. സിസ്റ്റിക് ഫൈബ്രോസിസുമായി ബന്ധപ്പെട്ട നിരവധി മള്‍ട്ടിസെന്റര്‍ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നുണ്ട്.

National Institutes of Health (NIH), Children's Medical Center Dallas, Cystic Fibrosis Foundation എന്നിവയില്‍ നിന്ന് ഗവേഷണ മികവിനുള്ള നിരവധി പുരസ്‌കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. കൂടാതെ Cystic Fibrosis Foundation Therapeutics Development Network-sâ Sexual Health, Reproduction and Gender Research Working Group ചെയര്‍പേഴ്‌സണായും അവര്‍ പ്രവര്‍ത്തിക്കുന്നു.

പ്രശസ്ത കരള്‍രോഗ വിദഗ്ധനായിരുന്ന ഡോ. വില്ലിസ് സി. മാഡ്രേയുടെ പാരമ്പര്യത്തെ ആദരിച്ച് നല്‍കുന്ന ഈ വിശിഷ്ട പ്രൊഫസര്‍ഷിപ്പ്, ഡോ. രക്ഷ ജയിന്റ് വൈദ്യശാസ്ത്ര ഗവേഷണ-സേവന രംഗത്തെ മികവിനുള്ള മറ്റൊരു വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.