പ്രസാദ് തീയാടിക്കല്‍
ലിറ്റില്‍ എല്‍ (ടെക്‌സാസ്): ടെക്‌സാസിലെ ലിറ്റില്‍ എല്‍മില്‍ ഡ്യൂട്ടിക്കിടെ യു.എസ്. പോസ്റ്റല്‍ സര്‍വീസ് (USPS) ജീവനക്കാരനായ ഉമേഷ്‌കുമാര്‍ താക്കര്‍ (58) കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുന്നു. ജൂലൈ 20-നാണ് (തിങ്കളാഴ്ച) സംഭവം നടന്നത്. അന്നേദിവസം നോര്‍ത്ത് ടെക്‌സാസിലുടനീളം 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള കനത്ത ചൂടിനെ തുടര്‍ന്ന് ഹീറ്റ് അഡൈ്വസറി നിലവിലുണ്ടായിരുന്നു.
സര്‍വെയ്‌ലന്‍സ് ദൃശ്യങ്ങള്‍ പ്രകാരം ഉച്ചയ്ക്ക് ഏകദേശം 12:20-ഓടെ ലിറ്റില്‍ എല്‍മിലെ തോണ്‍ഹില്‍ ലെയിന്‍ ഗ്രേസ്റ്റോണ്‍ ഡ്രൈവ് പ്രദേശത്ത് താക്കറിന്റെ USPS വാഹനം ഹസാര്‍ഡ് ലൈറ്റുകള്‍ തെളിഞ്ഞ നിലയില്‍ നിര്‍ത്തിയിട്ടതായി കാണപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിയോടെ വാഹത്തിനുള്ളില്‍ ബോധരഹിതനായി കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലിറ്റില്‍ എല്‍ം ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തി.
രക്ഷാപ്രവര്‍ത്തകര്‍ സി.പി.ആര്‍. നല്‍കിയെങ്കിലും ഉമേഷ്‌കുമാര്‍ താക്കറിനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
മരണം അതിശക്തമായ ചൂടുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന കാര്യം ഡടജട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തിന് പിന്നാലെ നാഷണല്‍ റൂറല്‍ ലെറ്റര്‍ കാരിയേഴ്‌സ് അസോസിയേഷന്‍ (NRLCA) താക്കറിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം രേഖപ്പെടുത്തി. അതേസമയം, നാഷണല്‍ അസോസിയേഷന്‍ ഓഫ് ലെറ്റര്‍ കാരിയേഴ്‌സ് (NALC) നേതാക്കള്‍ തപാല്‍ ജീവനക്കാര്‍ക്കായി കൂടുതല്‍ സുരക്ഷയും ചൂടുകാല തൊഴില്‍ സംരക്ഷണ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
അയല്‍വാസികള്‍ പറയുന്നതനുസരിച്ച്, തപാല്‍ വാഹനം ഏറെ നേരം ഒരിടത്ത് നില്‍ക്കുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസ് വാഹനങ്ങളും അഗ്‌നിശമനസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അവര്‍ പറഞ്ഞു.
ഡാലസ്‌ഫോര്‍ട്ട് വേര്‍ത്ത് മേഖലയിലെ അതിശക്തമായ വേനല്‍ച്ചൂടില്‍ തപാല്‍ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2023-ല്‍ ഡാലസില്‍ തപാല്‍ ജീവനക്കാരനായ യൂജിന്‍ ഗേറ്റ്‌സും, 2025-ല്‍ ജേക്കബ് ടെയ്ലറും ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങള്‍ക്കും പിന്നാലെയാണ് ഈ ദുരന്തം.