പ്രസാദ് തീയാടിക്കല്‍
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ജോര്‍ദാനില്‍ ഔദ്യോഗിക സൈനിക ചുമതല നിര്‍വഹിക്കുന്നതിനിടെ കൊല്ലപ്പെട്ട മൂന്ന് അമേരിക്കന്‍ സൈനികരില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ വംശജയായ സാര്‍ജന്റ് ആഞ്ചല്‍ സാറാ റാംപേഴ്‌സാഡ് (28) ന്റെ മരണത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കമല പ്രസാദ്-ബിസ്സേസര്‍ അനുശോചനം രേഖപ്പെടുത്തി.
വിദേശകാര്യ-കാരിക്കോം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, അമേരിക്കന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും, മരണമടഞ്ഞ മൂന്ന് സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി അഗാധമായ അനുശോചനം അറിയിച്ചു.
ജര്‍മ്മനിയിലെ ആന്‍സ്ബാക്ക് ആസ്ഥാനമായ 52-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടില്ലറി ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചിരുന്ന സാര്‍ജന്റ് റാംപേഴ്‌സാഡിന്റെ പിതാവ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ സ്വദേശിയും മാതാവ് അമേരിക്കന്‍ പൗരയുമാണ്. അമേരിക്കന്‍ പതാകയ്ക്ക് കീഴില്‍ സേവനമനുഷ്ഠിച്ചിരുന്നെങ്കിലും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുമായുള്ള പാരമ്പര്യബന്ധം രാജ്യത്തിന് പ്രത്യേക അഭിമാനവും വേദനയും സമ്മാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കന്‍ അധികൃതര്‍ ന്യൂയോര്‍ക്കിലെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ആക്ടിംഗ് വൈസ് കോണ്‍സുലേറ്റിനെ ഔദ്യോഗികമായി മരണവിവരം അറിയിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി ഷോണ്‍ സോബേഴ്‌സ് സൈനികയുടെ പിതാവുമായി ബന്ധപ്പെട്ടു അനുശോചനം അറിയിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ സന്ദര്‍ശിച്ച് രാജ്യത്തിന്റെ അനുശോചനവും പിന്തുണയും അറിയിച്ചു.
രാജ്യസേവനത്തിനായി ജീവന്‍ സമര്‍പ്പിച്ച സാര്‍ജന്റ് റാംപേഴ്‌സാഡിനെയും മറ്റ് രണ്ട് അമേരിക്കന്‍ സൈനികരെയും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ആദരപൂര്‍വം അനുസ്മരിക്കുന്നതായും, അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കപ്പെടില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം അറിയിച്ച സര്‍ക്കാര്‍, അവരുടെ ധീരസേവനത്തിന്റെ ഓര്‍മ്മ എന്നും നിലനില്‍ക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചു.