എഡ്മണ്ടനിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

By: 600110 On: Jul 23, 2026, 1:26 PM

എഡ്മണ്ടനിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സൗത്ത് ഈസ്റ്റ് എഡ്മണ്ടനിലെ സിൽവർബെറിക്ക് സമീപമുള്ള വസതിയിൽ കഴിഞ്ഞ ജൂലൈ ഒൻപതിനാണ് 23 വയസ്സുകാരിയായ ദമൻപ്രീത് കൌറിനെ മാരകമായി പരിക്കേറ്റ നിലയിൽ യുവതിയെ പൊലീസ് കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മറ്റാരെയും നിലവിൽ തെരയുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനായുള്ള തുക കണ്ടെത്താനായി ഗോ ഫണ്ട് മി വഴി ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ സാധ്യമായ തുക നൽകി ഈ ശ്രമത്തിൽ പങ്കാളികളാകണമെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ അഭ്യർത്ഥിച്ചു.