കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനായുള്ള തെരച്ചിൽ തുടരുന്നതിനിടെ, കുട്ടിയുടെ കുടുംബത്തിൻ്റെ പേരിൽ നടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കാൽഗറി പൊലീസും ബെറ്റർ ബിസിനസ് ബ്യൂറോയും . ജൂലൈ 16-ന് കാണാതായ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെട്ട് വ്യാജ 'ഗോഫണ്ട്മി' പ്രചാരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവയ്ക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ദുരന്തങ്ങളുടെയും മിസ്സിംഗ് കേസുകളുടെയും പശ്ചാത്തലത്തിൽ ആളുകളുടെ സഹതാപം ചൂഷണം ചെയ്ത് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
സംസാരശേഷിയില്ലാത്തതും മറ്റ് അസുഖങ്ങളും ഉള്ള പാർക്കറിനെ ജൂലൈ 16-ന് രാവിലെ കോണാട്ട് ഡ്രൈവിലെ ഡേ ഹോമിൽ നിന്നാണ് കാണാതാകുന്നത്. തട്ടിക്കൊണ്ടു പോകലിന് മറ്റ് തെളിവുകളൊന്നുമില്ലെങ്കിലും കുട്ടിയുടെ സുരക്ഷ മുൻനിർത്തി പ്രവിശ്യാ ഭരണകൂടത്തിൻ്റെ പ്രത്യേക അനുമതിയോടെ ആംബർ അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 400-ലധികം പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് 7,000 കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. അതിനിടെ, സംശയത്തിൻ്റെ പേരിൽ വീടുകളിൽ നേരിട്ടെത്തി നിവാസികളോട് തർക്കത്തിലേർപ്പെടരുതെന്നും സ്വയം അന്വേഷണം നടത്തരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
അഞ്ച് അടിയാളം ഉയരവും 90 പൗണ്ട് ഭാരവുമുള്ള പാർക്കറിന് തവിട്ടുനിറത്തിലുള്ള കണ്ണുകളും മൊട്ടയടിച്ച തലയുമാണുള്ളത്. കാണാതാകുമ്പോൾ ഷർട്ട് ധരിക്കാതെ കറുത്ത ഷോർട്സും ഹെഡ്‌ഫോണും ധരിച്ച നിലയിലായിരുന്നു. ഈ വിഷമഘട്ടത്തിൽ പിന്തുണയുമായി ഒപ്പം നിൽക്കുന്ന ജനങ്ങൾക്ക് പാർക്കറിൻ്റെ കുടുംബം നന്ദി അറിയിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.