കാനഡയിലെ ഒൻ്റാരിയോയിലെ വിവിധ പ്രദേശങ്ങളിൽ വെസ്റ്റ് നൈൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകി. ടൊറൻ്റോ, വിൻസർ-എസെക്സ്, ബെൽവില്ലെ, യോർക്ക്, ഹാൾട്ടൺ എന്നീ മേഖലകളിൽ നിന്ന് ശേഖരിച്ച കൊതുകുകളുടെ സാമ്പിളുകളിലാണ് വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രാദേശവാസികളായ മനുഷ്യരിൽ നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തുടനീളം ചത്ത 14 കാട്ടുപക്ഷികളിൽ വൈറസ് ബാധ കണ്ടെത്തിയതിൽ 13 എണ്ണവും ഒൻ്റാരിയോയിലാണ്.
രോഗബാധിതരായ പക്ഷികളെ കടിക്കുന്ന കൊതുകുകളിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ വൈറസ് പകരില്ല. രോഗം ബാധിക്കുന്ന ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ പ്രകടമാകാറില്ലെങ്കിലും ചിലരിൽ പനി, തലവേദന, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും അപൂർവ്വമായി ഞരമ്പുകളെയും നാഡീവ്യൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഈ വൈറസ് കാരണമായേക്കാമെന്ന് ഇൻഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധൻ ഡോ. ഐസക് ബോഗോച്ച് വ്യക്തമാക്കുന്നു.
വൈറസ് സാന്നിധ്യം കണ്ടെത്തിയെങ്കിലും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്ത് ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കാനും മറ്റ് അണുനശീകരണങ്ങൾ നടത്താനും നിർദേശമുണ്ട്. വീട്ടുപറമ്പുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക, കൊതുകുകൾ സജീവമാകുന്ന രാവിലയും വൈകുന്നേരവും ഉള്ള സമയങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക, ചത്ത പക്ഷികളെയോ മൃഗങ്ങളെയോ കൈകൾ കൊണ്ട് തൊടാതെ കൈയുറകളും മറ്റും ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചിടുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.