Story Written by, Abraham George, Chicago
ഒരു വർഷം കടന്നു കാണും, നാട് ശാന്തമായിതുടങ്ങി. കീരിം, പാമ്പുമായി കടന്നുപോയ നാളുകൾക്ക് ഒരുശമനം വന്നതായി തോന്നി. അതിനായി ചില നേതാക്കൾ അഘോരാത്രം പണിയെടുക്കേണ്ടി വന്നു. ഇതാണ് മതം, മതഭ്രാന്ത് ഇളകിയാൽ ദൈവത്തെ കാത്ത് രക്ഷിക്കാൻ മനുഷ്യർ വാളെടുക്കും. ഇവിടെ ദൈവങ്ങൾക്ക് യാതൊരു പങ്കുമില്ല. ദൈവങ്ങളാരും ഇതിനെതിരെ മിണ്ടില്ല, കേൾക്കില്ല, കാണില്ല.
ആയിടക്ക് വത്സലയുടെ കത്ത് അബുവിന് കിട്ടി. അബുവിന്റെ കൂട്ടുകാരാണ് എറണാകുളത്തെത്തി, കത്ത് അബുവിന് കൊടുത്തത്. കത്തിൽ അവൾ പ്രത്യേകം എഴുതിയിരുന്നു, എൻ്റെ വിവാഹം നിശ്ചയിച്ചു. നീ വന്നില്ലായെങ്കിൽ എല്ലാം അവതാളത്തിലാകും. എത്രയും വേഗം നീയെത്തണം. നീ വന്ന് വിളിച്ചാൽ ഞാൻ നിൻ്റെ കൂടെയിറങ്ങിപ്പോരും. കത്തിൽ അവളുടെ പൂർണ്ണവിലാസവും മൊബൈലിൽ നമ്പറും ഉണ്ടായിരുന്നു.
അബു അവളെ അന്വേഷിക്കാൻ തന്നെ തീരുമാനമെടുത്തു. കഴിഞ്ഞ ഒരു വർഷം അവളെക്കുറിച്ചൊരു അറിവും ഉണ്ടായിരുന്നില്ല. കത്തുകിട്ടിയതിനു ശേഷം മൊബൈയിലിൽ അവർ പലകുറി സംസാരിച്ചു. പെട്ടന്നാണ് മൊബൈയിൽ സ്വുച്ച് ഓഫായത്. പിന്നീടുണ്ടായത് അബുവിന്റെ രണ്ടും കൽപ്പിച്ചുള്ള പ്രവർത്തിയാണ്. വത്സലയുടെ വീട്ടിലെക്കുള്ള കടന്ന് കയറ്റമായിരുന്നുയത്. ഓർക്കാപ്പുറത്താണ് അബു വത്സലയുടെ വീടുമുറ്റത്തെത്തിയത്. വത്സലയുടെഅച്ഛൻ രാഘവൻനായർക്കത് ഒട്ടും രസിച്ചില്ല. രാഘവൻനായർ അലറി:
"എൻ്റെ വീടിനകത്തു കയറാൻ നിനക്കെങ്ങനെ ധൈര്യം വന്നടാ, വീട്ടുമുറ്റത്തുനിന്നും ഇറങ്ങി പോടാ, നായിൻ്റെ മോനേ." അബു അത് വകവെച്ചില്ല. അവൻ പറഞ്ഞു:
"വത്സലയെൻ്റെ കൂടെയിറങ്ങിവന്നാൽ ഞാനവളെ കൂട്ടിക്കൊണ്ടു പോകും."
അതൊരു കലഹത്തിന് ഇടവരുത്തി. കലഹം മൂത്ത് പിടിവലിയായി, അയാൾ ഇരുമ്പുവടിയെടുത്ത് അബുവിനെ അടിക്കാനോങ്ങി. അതിനിടയിലേക്ക് കയറിവന്ന വത്സലയുടെ തലയിൽ അടിയേറ്റു. തലയിൽ നിന്നും രക്തം ഒഴുകി. ഒട്ടും സമയം കളയാതെ അബു അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി. വത്സലയുടെ അച്ഛൻ ഉടൻ പോലീസിനെ വിളിച്ചു. പിന്നാലെ പാഞ്ഞെത്തിയ പോലീസ് അബുവിനെ കടന്നുപിടിച്ചു. പോലീസ് അലറി:
"നിയെന്താ നാടകം കളിക്കുന്നോ, പട്ടീ. എടാ, നായിൻ്റെ മോനെ വണ്ടിയിലെക്ക് കയറ്. അവനെയവർ വണ്ടിയിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്ത്രീപീഡനവും, വീട് കയറി ആക്രമണവുമായിരുന്നു കേസ്. പോലീസ് അവനെ ക്രൂരമായി മർദ്ദിച്ചു. വിവരമറിഞ്ഞ് പാഞ്ഞെത്തിയ കൂട്ടുകാർക്ക് ഒന്നും ചെയ്യാനായില്ല. പിറ്റേന്ന് അബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതി വിസ്താരത്തിൽ വത്സല സത്യം പറഞ്ഞു. ഞാൻ വിളിച്ചിട്ടാണ് അബു വന്നതെന്നും, ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണന്നും തീർത്തു പറഞ്ഞു.
കോടതി ഇടപെട്ട് ഞങ്ങളുടെ വിവാഹം നടത്തി തരണമെന്ന് അവൾ അപേക്ഷിച്ചു. മജിസ്ട്രേറ്റ് പോലീസിനോട് പറഞ്ഞു: " എത്രയും പെട്ടന്ന് അവരുടെ വിവാഹം നടത്തി കൊടുക്കാനുള്ള ഏർപ്പാട് ചെയ്യുക."
-----തുടരും-----