വടക്കൻ ഒൻ്റാരിയോയിൽ കാട്ടുതീയ്ക്കിടെ ഡ്രോൺ പറത്തിയ ദമ്പതികൾക്ക് കനത്ത പിഴ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

By: 600110 On: Jul 23, 2026, 12:03 PM

വടക്കൻ ഒൻ്റാരിയോയിൽ കാട്ടുതീയ്ക്കിടെ ഡ്രോൺ പറത്തിയ ദമ്പതികൾക്ക് കനത്ത പിഴ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തണ്ടർ ബേയ്ക്ക് സമീപമുള്ള 'ഓപ്പൺ ബേ ലോഡ്ജ്' ഉടമകളായ ജെന്നി, കെവിൻ വാൻഡർഹൂഫ് എന്നിവർക്കാണ് പിഴ ലഭിക്കാൻ സാധ്യതയുള്ളത്.

തീപിടുത്തത്തിനിടെ അടിയന്തര ഒഴിയൽ ഉത്തരവ് നിലനിൽക്കെ അനുമതിയില്ലാതെ അപകടമേഖലയിൽ പ്രവേശിച്ചതിനും, അതിനുപുറമേ ഡ്രോൺ പറത്തിയതിനുമാണ് ഒൻ്റാരിയോ നാച്ചുറൽ റിസോഴ്സ് മന്ത്രാലയം ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12-നാണ് ഇവരുടെ റിസോർട്ടിന് സമീപം കാട്ടുതീ പടർന്നത്. രണ്ടു ദിവസത്തിനുള്ളിൽ പ്രധാന വീട് പൂർണ്ണമായി കത്തിനശിച്ചെങ്കിലും, പരിസരത്തെ ഏഴ് കോട്ടേജുകൾ ഭാഗികമായി രക്ഷപ്പെട്ടു. ജൂലൈ 17-ന് ഇവിടേക്ക് തിരിച്ചെത്തിയ ദമ്പതികൾ ഒൻപത് മണിക്കൂറോളം പണിയെടുത്താണ് അവശേഷിച്ച തീ അണച്ചത്. തുടർന്നാണ് കാട്ടുതീയുടെ സ്ഥിതി നിരീക്ഷിക്കാൻ ജെന്നി ആകാശത്തേക്ക് ഡ്രോൺ പറത്തിയത്.

എന്നാൽ കാട്ടുതീ പടരുന്ന മേഖലകളുടെ 9.3 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് കനേഡിയൻ വ്യോമയാന നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഡ്രോണുകൾ വലിയ ഭീഷണിയാകുമെന്നതിനാലാണ് ഈ വിലക്ക്. ഇത് ലംഘിച്ചാൽ വ്യക്തികൾക്ക് 5,000 ഡോളറും സ്ഥാപനങ്ങൾക്കു 25,000 ഡോളറും വരെ പിഴ ലഭിക്കാം.

പോരാത്തതിന് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് അപകടമേഖലയിലേക്ക് പ്രവേശിച്ചതിന് 800 ഡോളറിലേറെ വേറെയും പിഴ ലഭിക്കാനിടയുണ്ട്.ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ തിരിച്ചെത്തിയതെന്നും, പിഴ തുകയേക്കാൾ വലുതാണ് സ്വന്തം ജീവിതോപാധിയെന്നും ദമ്പതികൾ പ്രതികരിച്ചു. നിയമനടപടികൾ നേരിടേണ്ടി വന്നാലും റിസോർട്ട് പുനർനിർമ്മിക്കുമെന്നാണ് ഇവരുടെ നിലപാട്.