ഹമാസ് ബന്ധം: ടൊറൻ്റോയിൽ പ്രതിഷേധക്കാരനെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസ്

By: 600110 On: Jul 23, 2026, 11:50 AM

 

ഹമാസ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പലസ്തീൻ അനുകൂല പ്രതിഷേധക്കാരനെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്ത് കനേഡിയൻ പോലീസ്. 33 കാരനായ അഹമ്മദ് ഹസ്സൻ ഹജ്ജഹമ്മദ് എന്നയാളെയാണ് ടൊറൻ്റോ പോലീസും ആർ.സി.എം.പി ദേശീയ സുരക്ഷാ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.

2024 മെയ് മാസത്തിനും സെപ്റ്റംബറിനും ഇടയിൽ ടൊറൻ്റോയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത ഇയാൾ, മൈക്കിലൂടെ ജൂത ജനവിഭാഗത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതായി പോലീസ് പറഞ്ഞു. 2025 മാർച്ച് മാസത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും, നിരോധിത ഭീകര സംഘടനയായ ഹമാസിന് വേണ്ടി പ്രവർത്തിച്ചതായി കണ്ടെത്തുകയും ചെയ്തു.

തുടർന്ന്, ജൂലൈ 20-ന് സർക്കാർ അംഗീകാരത്തോടെ ഇയാൾക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ ഭീകരവാദ സംഘടനകളുമായി ബന്ധപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുന്നത് അപൂർവ്വ സംഭവമാണ്.

എന്നാൽ, ആരോപണങ്ങൾ ഇയാളുടെ അഭിഭാഷകനായ മുഹമ്മദ് എൽ റഷീദി നിഷേധിച്ചു. ഹമാസുമായോ മറ്റ് വിദേശ സംഘടനകളുമായോ തൻ്റെ കക്ഷിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളിൽ സംസാരിച്ചു എന്നതൊഴിച്ചാൽ അക്രമ സംഭവങ്ങളിലോ ആയുധം ഉപയോഗിച്ചതിലോ ഇയാൾ പങ്കാളിയല്ലെന്നും, സാധാരണക്കാരുടെ കൊലപാതകത്തിനെതിരെ ശബ്ദമുയർത്തുന്നത് ഭീകരവാദമല്ല, മറിച്ച് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും അഭിഭാഷകൻ വാദിച്ചു.കാനഡയിലെ നിയമമനുസരിച്ച് ഹമാസ് ഒരു നിരോധിത ഭീകര സംഘടനയാണ്. കേസിൽ ഓഗസ്റ്റ് 26-ന് കോടതി കൂടുതൽ വാദം കേൾക്കും.