കാനഡയിൽ രക്തശേഖരം കുത്തനെ കുറയുന്നു: അടിയന്തരമായി രക്തം ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് കനേഡിയൻ ബ്ലഡ് സർവീസസ്

By: 600110 On: Jul 23, 2026, 11:47 AM

 

കാനഡയിൽ രക്തശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന്, അടിയന്തരമായി രക്തദാനത്തിനായി മുന്നോട്ടുവരാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കനേഡിയൻ ബ്ലഡ് സർവീസസ്. വേനൽക്കാല അവധിക്കാലത്ത് സാധാരണയായി രക്തദാനം കുറയാറുണ്ടെങ്കിലും, ഇത്തവണ ശേഖരം പതിവിലും താഴെപ്പോയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ രോഗികളുടെ പരിചരണത്തെ അത് പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ മാത്രം രക്തശേഖരത്തിൽ 20 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ജൂൺ ഒന്ന് മുതൽ ദാതാക്കളുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. രാജ്യവ്യാപകമായി ആശുപത്രികളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഓരോ ആഴ്ചയിലും ഏകദേശം 18,000 അപ്പോയിൻമെൻ്റുകൾ ആവശ്യമാണ്. എന്നാൽ കഴിഞ്ഞ ആറ് ആഴ്ചകളായി പ്രതിവാരം 1,500 മുതൽ 2,500 വരെ അപ്പോയിൻമെൻ്റുകളുടെ കുറവുണ്ടാകുന്നുണ്ട്.

രക്തത്തിൻ്റെ ആയുസ്സ് 42 ദിവസം മാത്രമായതിനാൽ നിലവിലെ ആവശ്യങ്ങൾ നിറവേറ്റാൻ കരുതിവെച്ചിരിക്കുന്ന ശേഖരത്തിൽ നിന്നാണ് രക്തമെടുക്കുന്നത്. പല ബ്ലഡ് ഗ്രൂപ്പുകളുടെയും ശേഖരം വളരെ കുറഞ്ഞ ദിവസങ്ങളിലേക്ക് മാത്രമേ തികയുകയുള്ളൂ എന്ന് കനേഡിയൻ ബ്ലഡ് സർവീസസ് വ്യക്തമാക്കി. ഓഗസ്റ്റിലെ ലോങ് വീക്കെൻഡ് അടുത്തെത്തിനിൽക്കെ അപകടങ്ങളും അടിയന്തര ചികിത്സാ ആവശ്യങ്ങളും കൂടാൻ സാധ്യതയുണ്ട്. അതിനാൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ ഗ്രൂപ്പുകളിലുംപെട്ട ദാതാക്കൾ രക്തം നൽകാൻ മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കൂടുതൽ ആളുകൾക്ക് രക്തം നൽകാനായി വാരാന്ത്യങ്ങളിൽ കൂടുതൽ അപ്പോയിൻമെൻ്റുകൾ  അനുവദിച്ചിട്ടുണ്ട്. അപ്പോയിൻമെൻ്റ് എടുത്തവർ അത് മുടങ്ങാതെ ശ്രദ്ധിക്കണമെന്നും, വരാൻ സാധിക്കില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം ലഭിക്കുന്നതിനായി മുൻകൂട്ടി ക്യാൻസൽ ചെയ്യണമെന്നും കനേഡിയൻ ബ്ലഡ് സർവീസസ് അറിയിച്ചു. രക്തദാനത്തിനായി blood.ca എന്ന വെബ്‌സൈറ്റ് വഴിയോ, GiveBlood ആപ്പ് വഴിയോ, 1-888-2-DONATE എന്ന നമ്പറിൽ ബന്ധപ്പെട്ടോ അപ്പോയിൻമെൻ്റ് ബുക്ക് ചെയ്യാവുന്നതാണ്.